Connect with us

Eranakulam

1863 കോടിയുടെ താത്പര്യപത്രം ഒപ്പിട്ടു

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ നഗര വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടി നടത്തുന്ന പാര്‍ട്ണര്‍ കേരള സംഗമത്തിന്റെ ആദ്യ ദിവസം 1863 കോടി രൂപയുടെ 41 പദ്ധതികള്‍ക്ക് താത്പര്യപത്രം ഒപ്പ് വെച്ചു.
തിരുവനന്തപുരം നഗരസഭയുടെ ചാല ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് (30 കോടി), തൂശൂര്‍ കോര്‍പ്പറേഷന്റെ ശക്തന്‍ നഗര്‍ വികസന പദ്ധതി (700 കോടി), കൊച്ചി നഗരസഭയുടെ ഇടപ്പള്ളിയിലേയും കച്ചേരിപ്പടിയിലെയും വാണിജ്യ ഓഫീസ് സമുച്ചയങ്ങള്‍ (55 കോടി വീതം), ജി സി ഡി എയുടെ മുണ്ടന്‍വേലി റീജ്യനല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് (50.19 കോടി), ഡോ. അംബേദ്കര്‍ സ്റ്റേഡിയത്തിലെ ഷോപ്പിംഗ് മാള്‍ (126 കോടി), പാലക്കാട് മുനിസിപ്പാലിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയം (150 കോടി), ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം (60), കല്‍മണ്ഡപം ഷോപ്പിംഗ് കോംപ്ലക്‌സ് (59), കണ്ണൂര്‍ മുനിസിപ്പാലിറ്റി മുനിസിപ്പല്‍ മാള്‍ (113 കോടി), കോര്‍പ്പറേറ്റ് ഓഫീസ് കോംപ്ലക്‌സ് ഐ ടി ഹബ്ബ് (38 കോടി) എന്നിവയാണ് താത്പര്യ പത്രിക ഒപ്പ് വെച്ച സുപ്രധാന പദ്ധതികളില്‍ ചിലത്.
ജി സി ഡി എയുടെ തന്നെ ഹീലിയം ബലൂണ്‍ പദ്ധതി, ടണല്‍ മറൈന്‍ അക്വേറിയം വിനോദ പാര്‍ക്ക്, പാസഞ്ചര്‍ റോപ് വേ എന്നിവക്കും താത്പര്യ പത്രിക ഒപ്പ്‌വെച്ചിട്ടുണ്ട്.
കോഴിക്കോട് വികസന അതോറിറ്റിയുടെ പാളയം മേഖലയുടെ പുനര്‍വികസന പദ്ധതി, കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ടം എന്നിവയും തിങ്കളാഴ്ച അവതരിപ്പിക്കപ്പെട്ട പദ്ധതികളിലുണ്ട്. ചാല പദ്ധതി കൂടാതെ തിരുവനന്തപുരം നഗരസഭ നാല് പദ്ധതികള്‍കൂടി അവതരിപ്പിച്ചു. മുട്ടത്തറയിലെ ദ്രവമാലിന്യ സംസ്‌കരണ പദ്ധതി, ഇത്തരത്തില്‍ ദ്രവമാലിന്യം സംസ്‌കരിക്കുന്നതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന വാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള മറ്റൊരു പദ്ധതി, കുന്നുകുഴിയിലെ അറവുശാലയുടെ ആധുനികവത്കരണം, 30 കോടി ചെലവില്‍ തമ്പാനൂരില്‍ ബഹുനില പാര്‍ക്കിംഗ് പ്ലാസ എന്നിവയാണ് കോര്‍പ്പറേഷന്‍ മുന്നോട്ടുവെക്കുന്ന മറ്റു പദ്ധതികള്‍.
കൊല്ലത്ത് താമരക്കുളത്ത് 178.53 കോടി രൂപ ചെലവില്‍ വാണിജ്യ സമുച്ചയവും കണ്‍വെന്‍ഷന്‍ സെന്ററും ബഹുനില കാര്‍ പാര്‍ക്കിംഗ് കേന്ദ്രവുമാണ് കൊല്ലം നഗരസഭയുടെ പ്രധാന പദ്ധതികള്‍. അതോടൊപ്പം 84.24 കോടി രൂപയുടെ മള്‍ട്ടിപ്ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ മറ്റൊരു പദ്ധതിയും അവതരിപ്പിക്കപ്പെട്ടു.
40 കോടി രൂപ മുടക്കി നിര്‍മിക്കാനുദ്ദേശിക്കുന്ന മൊബിലിറ്റി ഹബ്ബാണ് കൊല്ലം വികസന അതോറിറ്റി മുന്നോട്ടു വെക്കുന്നത്.
16 കോടി ചെലവില്‍ കൊല്ലം ബീച്ചില്‍ ഓഷനേറിയവും 80 കോടി മുടക്കി താമരക്കുളത്ത് ഷോപ്പിംഗ് മാളും ഓഫീസ് സമുച്ചയവും ചെറുകിട വ്യവസായങ്ങള്‍ക്കായി പ്രദര്‍ശന വിപണന കേന്ദ്രവുമാണ് അതോറിറ്റിയുടെ മറ്റ് പദ്ധതികള്‍.