‘പാര്‍ട്ണര്‍ കേരള’ മുന്നോട്ട് വെക്കുന്നത്

Posted on: February 24, 2014 6:00 am | Last updated: February 23, 2014 at 9:33 pm

partner keralaഅധികാര വികേന്ദ്രീകരണത്തിലൂടെ കൈവന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഠിനമായി പരിശ്രമിക്കുകയാണ് നമ്മുടെ തദ്ദേശസ്ഥാപനങ്ങള്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സാമ്പത്തിക സ്ഥിതി തടസ്സമാകുന്നു. ജനകീയാസൂത്രണം പൂര്‍ണതയിലെത്താന്‍ സാമ്പത്തിക ഭദ്രത അനിവാര്യമാണ്. എക്കാലത്തും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാറിനെ ആശ്രയിക്കാനോ ആവശ്യത്തിന് പണം നല്‍കാന്‍ സര്‍ക്കാറിനോ കഴിഞ്ഞെന്നുവരില്ല. ഈ സാഹചര്യത്തില്‍ നഗരസഭകളുടെ ആസ്തിയും വരുമാനവും വര്‍ധിപ്പിക്കുന്നതിനും സ്വന്തം കാലില്‍നില്‍ക്കാന്‍ പ്രാപ്തമാക്കുന്നതിനുമുള്ള കൂട്ടായ്മയാണ് ഇന്നും നാളെയുമായി കൊച്ചിയില്‍ നടക്കുന്ന’പാര്‍ട്ണര്‍ കേരള’ നിക്ഷേപ സംഗമം.
ഭരണഘടനാ ഭേദഗതികളിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരങ്ങള്‍ നേരാംവണ്ണം നടപ്പാക്കാന്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതികള്‍ കൊണ്ടുവരണമെന്ന് സര്‍ക്കാര്‍ കരുതുന്നു. വികസന കാര്യങ്ങളില്‍ സര്‍ക്കാറിനൊപ്പം പങ്ക് ചേരാനും അഭിമാനകരമായ വിധം ബിസിനസ്സ് ചെയ്യാനും താത്പര്യമുള്ളവരാണ് പാര്‍ട്ണര്‍ കേരളയിലെ ക്ഷണിതാക്കള്‍. പ്രവാസികളും തദ്ദേശീയരുമായ ഒട്ടേറെ പേര്‍ കൂട്ടായും ഒറ്റക്കും സംഗമത്തിന് എത്തുന്നുണ്ട്. നഗരസഭകള്‍ അവതരിപ്പിക്കുന്ന പദ്ധതികളില്‍ താത്പര്യമുള്ളവര്‍ക്ക് തുടര്‍ചര്‍ച്ചകളിലൂടെയും സുതാര്യമായ വ്യവസ്ഥകളിലൂടെയും ഈ വികസന യജ്ഞത്തില്‍ പങ്ക് ചേരാം.
സംസ്ഥാനത്തെ മിക്ക നഗരസഭകളും ദാരിദ്ര്യ രേഖക്ക് താഴെയാണ്. ഭാര്യയുടെ താലിയും വീടിന്റെ ആധാരവുമെല്ലാം പണയപ്പെടുത്തി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നുവെന്ന നഗരസഭാധ്യക്ഷരുടെ വാദം വാസ്തവം തന്നെയാണ്. ജനകീയാസൂത്രണത്തിലൂടെ രൂപം നല്‍കിയ പല സ്വപ്‌ന പദ്ധതികളും ഫണ്ടില്ലാത്തിന്റെ പേരില്‍ ചിതലരിച്ചുകിടക്കുന്നു. ഭാവിയില്‍ സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാക്കുന്ന പദ്ധതികള്‍ പോലും തുടങ്ങാന്‍ കഴിയുന്നില്ല. പെന്‍ഷന്‍ നല്‍കാന്‍ പണമില്ലാത്തതിന്റെ വേദന നഗരസഭകള്‍ നിത്യവും പങ്ക് വെക്കുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ 70 കോടി രൂപ പെന്‍ഷന്‍ ഫണ്ട് നഗരസഭകള്‍ക്ക് നല്‍കി. എന്നാല്‍ എല്ലാ കാലത്തും ഇങ്ങനെ സഹായിക്കാന്‍ ഏത് സര്‍ക്കാറിനും കഴിയില്ല. അതേ സമയം മിക്ക നഗരസഭകള്‍ക്കും സ്വന്തമായി ഭൂമിയുണ്ട്. തരിശായി കിടക്കുകയോ അന്യാധീനപ്പെട്ടു പോകുകയോ ചെയ്യാവുന്നവ. നഗരമധ്യത്തില്‍ ദ്രവിച്ച കെട്ടിടങ്ങളും പേറി കിടക്കുന്നവ. ശന്വളവും പെന്‍ഷനും വികസന പദ്ധതികളും വഴിമുട്ടി നില്‍ക്കുമ്പോള്‍ ഈ ഭൂമി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് സര്‍ക്കാര്‍ കരുതുന്നു. അതിലേക്കുള്ള കാല്‍വെപ്പാണ് പി പി പി.
നഗരസഭകളുടെ ഭൂമി നഷ്ടപ്പെടാതെ നഗരസഭകളുടെ കൂടി ഉത്തരവാദിത്വത്തില്‍ സ്വകാര്യനിക്ഷേപം കൊണ്ടുവരാനാണ് ഉദ്ദേശ്യം. സംസ്ഥാനത്തെ നഗരവ്യാപനത്തിന്റെ വേഗവും ഈ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. രണ്ട് ദശകങ്ങള്‍ മുമ്പ് 26 ശതമാനമായിരുന്ന നഗരജനസംഖ്യ 2011ല്‍ 48 ശതമാനമായി ഉയര്‍ന്നു. കേരളമാകെ ഒറ്റ നഗരമായി മാറുന്ന കാലം അത്രയൊന്നും വിദൂരമല്ല. ഒട്ടും സാമ്പത്തികഭദ്രയില്ലെങ്കില്‍ കൂടി നൂറോളം പഞ്ചായത്തുകള്‍ നഗരസഭകളാകാന്‍ ഒരുങ്ങി നില്‍ക്കുന്നു. അടിസ്ഥാന സൗകര്യവും വികസനവുമില്ലാതെ നഗരസഭകളെ സൃഷ്ടിച്ചിട്ട് കാര്യമില്ല. സര്‍ക്കാറിനും സാമ്പത്തികമായ പരിമിതികളുണ്ട്. അപ്പോള്‍ വികസനത്തിലേക്ക് സ്വകാര്യ പങ്കാളികളെ കൊണ്ടുവരണം.
നാടിന്റെ വികസനത്തില്‍ പങ്കാളിയാകാന്‍ താത്പര്യമുള്ള ആര്‍ക്കും പാര്‍ട്ണര്‍ കേരളയിലേക്ക് വരാം. നഗരസഭകളില്‍ ചെറുതും വലുതുമായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാനുണ്ട്. ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, തിയറ്ററുകള്‍, പാര്‍ക്കിംഗ് സംവിധാനങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റേഷനുകള്‍, കംഫര്‍ട്ട് സ്റ്റേഷനുകള്‍, ആധുനിക പരസ്യ ബോര്‍ഡുകള്‍, തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍, പാര്‍ക്കുകളുടെ നവീകരണം തുടങ്ങി ആകര്‍ഷകമായ പലതും. ഒരാള്‍ക്കോ ഒന്നിലധികം പേര്‍ക്ക് ഒരു ഗ്രൂപ്പായോ ഇത്തരം സംരംഭങ്ങള്‍ ഏറ്റെടുക്കാം. സ്വന്തം നാട്ടില്‍ സര്‍ക്കാറും നഗരസഭകളുമായി ചേര്‍ന്ന് അഭിമാനകരമായ വിധം വരുമാന മാര്‍ഗം കണ്ടെത്താനുള്ള അവസരമായി ഇതിനെ കാണാവുന്നതാണ്. സര്‍ക്കാറും നഗരസഭകളും നിക്ഷേപകരും ചേര്‍ന്ന് ഒപ്പ് വെക്കുന്ന ത്രികക്ഷി കരാറുണ്ടാകും. പദ്ധതിയുടെയും പ്രദേശത്തിന്റെയും സ്വഭാവമനുസരിച്ച് കരാര്‍ കാലാവധി തീരുമാനിക്കാം. മാത്രമല്ല, അവിചാരിതമായ കാരണങ്ങളാല്‍ പദ്ധതി മുന്നോട്ടുപോകാത്ത സാഹചര്യം വന്നാല്‍ നഗരസഭകള്‍ തന്നെ ഏറ്റെടുക്കുകയോ നിക്ഷേപകന് നഷ്ടമില്ലാത്ത വിധം പിന്‍മാറാന്‍ അവസരം നല്‍കുകയോ ചെയ്യുന്ന കാര്യവും ചര്‍ച്ച ചെയ്യാം. നഗരസഭകളുടെ ഭൂമിയില്‍ ഓരോ പ്രദേശത്തിന്റെയും സാധ്യതകളനുസരിച്ചുള്ള പദ്ധതികള്‍ പാര്‍ട്ണര്‍ കേരള മുന്നോട്ടുവെക്കും. എന്നാല്‍ ഇത് കേവലം ആശയങ്ങള്‍ മാത്രമാണ്, അന്തിമ രൂപമോ അടിച്ചേല്‍പ്പിക്കലോ അല്ല. നിക്ഷേപകരുടെ ആശയങ്ങള്‍ക്കനുസരിച്ച് കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലോ നടത്താം. അതനുസരിച്ച് ഡി പി ആര്‍ തയ്യാറാക്കി സമര്‍പ്പിച്ചാല്‍ പദ്ധതികള്‍ പരിഗണിക്കപ്പെടും.
സംസ്ഥാനത്ത് 60 മുനിസിപ്പാലിറ്റികളും അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും അഞ്ച് വികസന അതോറിറ്റികളുമാണ് ഇപ്പോഴുള്ളത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ മിക്ക നഗരസഭകളും അവയുടെ പ്രദേശത്തിന് യോജിച്ച പദ്ധതികള്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സംശയത്തോടെ കാണുകയും പിന്നോട്ടുനില്‍ക്കുകയും ചെയ്ത ചില നഗരസഭകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്നോട്ടുവന്നു. ഇന്നും നാളെയുമായി നഗരസഭകളുമായി കൂട്ടുസംരംഭത്തിന് താത്പര്യമുള്ള ഒട്ടേറെ നിക്ഷേപകര്‍ എത്തിച്ചേരാമെന്ന് ഏറ്റിട്ടുണ്ട്. മാന്യമായ ബിസിനസ്സിലൂടെ നാടിന് സേവനം ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. നഗരസഭകള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ ബേങ്കുകളെ സമീപിച്ചാല്‍ മതിയെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള, ഓരോ പ്രദേശത്തെയും നിക്ഷേപകര്‍ക്ക് അവസരം നല്‍കാനാണ് സര്‍ക്കാറിന് താത്പര്യം. ഇതിലൂടെ കൃത്യമായ സേവനം ലഭ്യമാക്കാമെന്നും സര്‍ക്കാര്‍ കരുതുന്നു.
പാര്‍ട്ണര്‍ കേരളയുടെ വിജയത്തിനായി മാസങ്ങളായി നഗരകാര്യ വകുപ്പും നഗരസഭകളും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാനത്ത് 7,000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് പാര്‍ട്ണര്‍ കേരളയില്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കാന്‍ കഴിയാത്ത സാമ്പത്തിക സഹായം പ്രാദേശിക നിക്ഷേപകര്‍ തന്നെ നല്‍കുന്ന പുതിയ ജനകീയ പങ്കാളിത്ത വികസന സംസ്‌കാരത്തിന് കൊച്ചിയില്‍ തുടക്കമാകുകയാണ്. കേരളത്തിലെ ഭൗതിക സൗകര്യങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സ്വകാര്യ സംരംഭകരുടെ സേവനം കൂടി ആവശ്യമാണെന്ന സന്ദേശവും ഈ നിക്ഷേപ സംഗമം മുന്നോട്ടുവെക്കുന്നു. നാട്ടില്‍ സ്വന്തമായി പദ്ധതികള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്കുള്ള അനേകം ഉത്തരങ്ങള്‍ ‘പാര്‍ട്ണര്‍ കേരള’ പറഞ്ഞുതരുമെന്ന് ഉറപ്പുണ്ട്.