Connect with us

Kozhikode

അലിഫിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഭാഷാ സ്‌നേഹികള്‍ മുന്നിട്ടിറങ്ങണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: വിശുദ്ധ ഖുര്‍ആനിന്റെയും ഇസ്‌ലാമിന്റെയും ഭാഷയായ അറബിയുടെയും അറബി സാഹിത്യത്തിന്റെയും സംരക്ഷണവും പ്രചാരണവും സമുദായത്തിന്റെ ഉത്തവാദിത്വമാണെന്നും ബാധ്യത നിറവേറ്റാന്‍ അലിഫിനെ ശക്തിപ്പെടുത്താന്‍ പ്രാസ്താനിക കുടുംബവും ഭാഷാ സ്‌നേഹികളും രംഗത്തിറങ്ങണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അലിഫിന് കീഴില്‍ പ്രമുഖ ഗ്രന്ഥകാരന്‍ വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍ക്ക് ഏര്‍പ്പെടുത്തിയ മുഹമ്മദ് അബ്ദു യമാനി അവാര്‍ഡ് ദാന സമ്മേളനത്തില്‍ അനുമോദനപ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍-ഹദീസ് കൊണ്ടും ബുര്‍ദ, ബാനത്ത് സുആദ തുടങ്ങിയ നിരവധി മദ്ഹ് കീര്‍ത്തനങ്ങള്‍ കൊണ്ടും ധന്യമായ അറബി സാഹിത്യം വളരെ വിശാലമാണ്. ആധുനിക യുഗത്തിലെ നോവലുകളിലും അന്ധകാര യുഗത്തിലെ മദ്യപാനികളുടെ കവിതകളിലും അറബി സാഹിത്യത്തെ ഒതുക്കുന്നത് ശരിയല്ല. മുന്‍ഗാമികളായ സൂഫീ പണ്ഡിതന്മാര്‍ രചിച്ച മദ്ഹുകളും മാല മൗലിദുകളും അടങ്ങുന്ന അറബി സാഹിത്യത്തെ സംരക്ഷിക്കാന്‍ അഹ്‌ലുസ്സുന്നയുടെ വാക്താക്കള്‍ മുന്നിട്ടിറങ്ങണമെന്നും അതിനാണ് അലിഫ് പ്രവര്‍ത്തിക്കുന്നതെന്നും അറബി ഭാഷാ രംഗത്തും ഗ്രന്ഥ രചനരംഗത്തും പണ്ഡിത ലോകം സജീവ ശ്രദ്ധ ചെലുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. അലിഫ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ്തുറാബ് തങ്ങളുടെ അധ്യക്ഷതയില്‍ കേരള നഗര-ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പ്രശസ്തി പത്രം നല്‍കി. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഫൈസല്‍ അഹ്‌സനി രണ്ടത്താണി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അന്‍വര്‍ ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സമസ്ത നേതാക്കളായ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍, പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി , തറയിട്ടാല്‍ ഹസന്‍ സഖാഫി, അമീന്‍ഹസന്‍ വള്ളിക്കുന്ന്, അബ്ദുല്‍ ജലീല്‍ അസ്ഹരി പ്രൊഫ. എന്‍ പി മഹ്മൂദ്, അബൂബക്കര്‍ ശര്‍വാനി തുടങ്ങിയവര്‍ സംസാരിച്ചു.

Latest