Connect with us

Eranakulam

കൊച്ചിയില്‍ വിമാനത്താവളത്തില്‍ 19 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Published

|

Last Updated

അങ്കമാലി: വിദേശത്തുനിന്ന് അനധികൃതമായി കൊണ്ടുവന്ന 19 ലക്ഷത്തോളം രൂപ വിലവരുന്ന 628 ഗ്രാം സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്നലെ രാവിലെ കൊച്ചിയില്‍ എത്തിയ മൂന്ന് ശ്രീലങ്കന്‍ സ്വദേശികളും നാല് തമിഴ്‌നാട് സ്വദേശികളുമായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ശ്രീലങ്കന്‍ സ്വദേശികളായ വിഘ്‌നേശ്വരന്‍ സേതുരാമന്‍, മുഹമ്മദ് റിഷാദ്, മുഹമ്മദ്, തമിഴ്‌നാട് സ്വദേശികളായ ജയറാം ലെനി, ത്യാഗരാജന്‍ നാഗപാണ്ടി, രാമു സുബ്രമണി, രാജുചെട്ടിയാര്‍ നവനീത കണ്ണന്‍ എന്നിവരാണ് പിടിയിലായത്
വിമാനത്താവളത്തില്‍ പരിശോധനകളെല്ലാം കഴിഞ്ഞ് ഗ്രീന്‍ചാനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിക്കവേ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അനധികൃതമായി സ്വര്‍ണം കൊണ്ടുവന്നത് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് എ എസ് നവാസിന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടികൂടിയത്. ഏതാനും ദിവസം മുമ്പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി 720 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് ശ്രീലങ്കക്കാരെയും നാല് തമിഴ്‌നാട് സ്വദേശികളെയും പിടികൂടിയിരുന്നു.