നാലാം ക്ലാസ് വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

Posted on: February 23, 2014 1:00 am | Last updated: February 23, 2014 at 1:00 am

RAPEപയ്യന്നൂര്‍: മാതമംഗലത്തിനടുത്ത് പെരിന്തട്ട എ എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനികളെ അധ്യാപകര്‍ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെ ഗണിത ശാസ്ത്ര അധ്യാപകന്‍ പി ഗോവിന്ദന്‍ നമ്പൂതിരിക്കെതിരെ വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടത്. ഇതേത്തുടര്‍ന്ന് അധ്യാപകനെ എ ഇ ഒ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തു. വര്‍ഷങ്ങളായി അധ്യാപകന്‍ പീഡനം തുടര്‍ന്നതായും പീഡന വിവരം പുറത്ത് അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തി. രക്ഷിതാക്കളോട് സംഭവം പറയാതെ സ്‌കൂളിലേക്ക് പോകാന്‍ മടിച്ച വിദ്യാര്‍ഥിനി കൂട്ടുകാരികളോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ഇതേ പരാതിയുമായി നിരവധി വിദ്യാര്‍ഥികള്‍ രംഗത്ത് എത്തുകയായിരുന്നു. ചില വിദ്യാര്‍ഥിനികള്‍ വീടുകളില്‍ രക്ഷിതാക്കളെയും വിവരം അറിയിച്ചു. സംഭവം വീട്ടില്‍ പറഞ്ഞ വിദ്യാര്‍ഥിനികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായും കുട്ടികള്‍ പരാതിപ്പെട്ടു.
അതിനിടെ, വിദ്യാര്‍ഥിനികള്‍ ആദ്യം പരാതി നല്‍കിയ ഹെല്‍പ്പ് ഡെസ്‌കിന്റെ ചുമതലയുള്ള അധ്യാപിക സംഭവം മൂടിവെക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. 47 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ പതിനേഴ് വര്‍ഷമായി കണക്ക് പഠിപ്പിച്ചുവരുന്ന അധ്യാപകനാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പി ഗോവിന്ദന്‍ നമ്പൂതിരി. സ്‌കൂള്‍ പി ടി എ യോഗത്തില്‍ അധ്യാപകനെ പുറത്താക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് അധ്യാപകനെ സംരക്ഷിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവം വിവാദമായതോടെയാണ് എ ഇ ഒയുടെ നിര്‍ദേശ പ്രകാരം സ്‌കൂള്‍ മാനേജര്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്.
സ്‌കൂളിലെ പീഡനവിവരം പുറത്തായതോടെ ഇന്നലെ രാവിലെ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് ഇരച്ചുകയറിയത് സംഘര്‍ഷത്തിനിടയാക്കി. ഓഫീസിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ എന്‍ അരുണയെ ഉപരോധിച്ചു. അതിനിടയില്‍ ഓഫീസിലെ ജീവനക്കാരും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. തളിപ്പറമ്പ് എസ് ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് അധ്യാപകനെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും സംഭവം മറച്ചുവെച്ച ഹെല്‍പ്പ് ഡസ്‌ക് ചുമതലയുള്ള അധ്യാപികക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും ഡി ഇ ഒ അറിയിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.