ഇന്ത്യ ഔട്ട്‌

Posted on: February 22, 2014 7:04 pm | Last updated: February 23, 2014 at 12:29 am

under 19

ദുബൈ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സെമിഫൈനല്‍ കാണാതെ പുറത്ത്. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് അഞ്ച് പന്തുകള്‍ ശേഷിക്കെ 222 റണ്‍സടിച്ച് ലക്ഷ്യത്തില്‍ തൊട്ടു.
64 പന്തില്‍ 61 റണ്‍സടിച്ച ബെന്‍ ഡക്കറ്റ്‌സാണ് മാന്‍ ഓഫ് ദ മാച്ച്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോ ക്ലാര്‍ക്ക് (42), ബെര്‍നാഡ് (24), റോബ് ജോണ്‍സ് (28 നോട്ടൗട്ട്), റോബ് സയര്‍ (10 നോട്ടൗട്ട്), എന്നിവരും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. പത്ത് ഓവറില്‍ 46ന് മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് മാത്രമാണ് ഇന്ത്യന്‍ ബൗളിംഗില്‍ തിളങ്ങിയത്. ബാറ്റിംഗില്‍ 68 റണ്‍സോടെ തിളങ്ങിയ ദീപക് ഹൂഡ ബൗളിംഗില്‍ പാളി. പത്ത് ഓവറില്‍ 59 റണ്‍സ് വിട്ടുകൊടുത്ത് നേടിയത് ഒരു വിക്കറ്റ്. ഹൂഡ എറിഞ്ഞ നാല്‍പ്പത്തൊമ്പതാം ഓവറില്‍ ഒരു ഫോര്‍ ഉള്‍പ്പടെ പതിനൊന്ന് റണ്‍സ് സയറും ജോണ്‍സും ചേര്‍ന്നടിച്ചെടുത്തു. അതോടെ അവസാന ഓവറില്‍ ജയിക്കാന്‍ നാല് റണ്‍സായി. മിലിന്ദ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സയര്‍ കവറിലൂടെ കട്ട് ചെയ്ത് ബൗണ്ടറി കടത്തി.
ആവേശകരമായ ക്വാര്‍ട്ടറില്‍ ഇരുടീമുകളും ബാറ്റിംഗ് തകര്‍ച്ചയെ അതിജീവിച്ചത് ഏകദിന ക്രിക്കറ്റിന്റെ അനിശ്ചിതത്വം നിറഞ്ഞ നിമിഷങ്ങള്‍ തിരിച്ചു കൊണ്ടുവന്നു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിജയ് സോള്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തീരുമാനം പിഴച്ചുവെന്ന് വൈകാതെ ബോധ്യപ്പെട്ടു.
സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടം. അങ്കുഷ് ബെയിന്‍സ് (3), അഖില്‍ ഹെര്‍വാദ്കര്‍ (2), സഞ്ജു സാംസണ്‍ (0), റിക്കി ബുയി (7) എന്നിവരെയാണ് നഷ്ടമായത്. ഏറെ പ്രതീക്ഷ നല്‍കിയ കേരള താരം സഞ്ജു ആദ്യ പന്തില്‍ പുറത്തായി. മാത്യു ഫിഷറിന്റെ പന്തില്‍ ഡക്കറ്റിന് ക്യാച്ച്. റിക്കിയെയും ഫിഷര്‍ ഡക്കറ്റിന്റെ കൈകളിലെത്തിച്ചു. ഹെര്‍വാദ്കറാണ് ഫിഷറിന്റെ ആദ്യ ഇര. വിക്കറ്റ് കീപ്പര്‍ ജോ ക്ലാര്‍ക്കിന്റെ കൈകളിലാണ് ഹെര്‍വാദ്കറുടെ ഇന്നിംഗ്‌സ് അവസാനിച്ചത്. ബെയിന്‍സിന്റെ വിക്കറ്റ് ജാക് വിന്‍സ്‌ലാഡെക്ക്. വന്‍ നാണക്കേട് മുന്നില്‍ കണ്ട ക്യാപ്റ്റന്‍ വിജയ് സോള്‍ ദീപക് ഹൂഡക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ഇരുവരും ചേര്‍ന്ന 87 റണ്‍സ് കൂട്ടുകെട്ടാണ് ടീം സ്‌കോര്‍ മൂന്നക്കം കടത്തിയത്.
മുപ്പത്തിമൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ആ കൂട്ടുകെട്ട് അവസാനിച്ചു. റോബ് സയറിന്റെ പന്തില്‍ വിജയ് സോള്‍ ഡക്കറ്റിന് ക്യാച്ചായി. 48 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന. നാല്‍പതാം ഓവറില്‍ ദീപക് ഹൂഡയുടെവിക്കറ്റും നഷ്ടം. ടീം സ്‌കോര്‍ 150 ല്‍ തൊടാന്‍ മൂന്ന് റണ്‍സകലെ നില്‍ക്കുന്നു (147-6). 68 റണ്‍സെടുത്ത ഹൂഡ ടാറ്റര്‍സാലിന്റെ നേരിട്ട ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു. 99 പന്തില്‍ ആറ് ഫോറുകള്‍ അടങ്ങുന്നതായിരുന്നു ഹൂഡയുടെ ഇന്നിംഗ്‌സ്. ആമിര്‍ഗാനി (7), കുല്‍ദീപ് യാദവ് (16) എന്നിവര്‍ പുറത്തായപ്പോഴും ഒരറ്റത്ത് സര്‍ഫറാസ് ഖാന്‍ ഉറച്ചുനിന്ന് പൊരുതിയത് ടീം സ്‌കോര്‍ ഇരുനൂറ് കടത്തി. 46 പന്തുകളില്‍ നാല് ഫോറുകളുടെ സഹായത്തോടെ 52 റണ്‍സടിച്ച സര്‍ഫറാസ് ഖാന്‍ ടീം ഇന്ത്യക്ക് പുത്തന്‍ പ്രതീക്ഷ നല്‍കിക്കൊണ്ട് സ്‌കോര്‍ 221 ലെത്തിച്ചു. ചാമ മിലിന്ദ് ഏഴ് റണ്‍സോടെ സര്‍ഫറാസിനൊപ്പം പുറത്താകാതെ നിന്നു.
മികച്ച തുടക്കം ലഭിച്ച ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് നഷ്ടം സ്‌കോര്‍ മുപ്പതിലെത്തിയപ്പോള്‍. ഹാരി ഫിഞ്ചി (10) നെ മോനു കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഹിഗിന്‍സിനെ (1) മിലിന്ദ് സഞ്ജുവിന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട് 36ന് രണ്ട് എന്ന നിലയില്‍ പരുങ്ങി. ഓപണര്‍ ടാറ്റര്‍സാലിനെ (23) ദീപക് ഹൂഡ റിട്ടേണ്‍ ക്യാച്ചില്‍ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 41ന് മൂന്ന്. എന്നാല്‍ ബെന്‍ ഡക്കറ്റിന്റെ പൊരുതല്‍ ഇംഗ്ലണ്ടിന് വിക്കറ്റ് വീഴ്ചക്കിടയിലും ആശ്വാസമായി. 46താം ഓവറില്‍ 199ന് ഏഴ് എന്ന നിലയില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഇന്ത്യക്ക് പിഴച്ചത് ദീപക് ഹൂഡയുടെ അവസാന രണ്ട് ഓവറുകളിലാണ്.