Connect with us

Gulf

ഖസര്‍ അല്‍ ഹൊസന്‍: തുടക്കം ഉജ്വലം

Published

|

Last Updated

അബുദാബി: പത്തു ദിവസത്തെ ഖസര്‍ അല്‍ ഹൊസന്‍ ഉത്സവത്തിനു തുടക്കമായി. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ അല്‍ മന്‍ഹാല്‍ പാലസില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഉത്സവം ആരംഭിച്ചത്.
യു എ ഇ രാഷ്ട്ര പ്രഖ്യാപനത്തിനു സാക്ഷ്യം വഹിച്ച അല്‍ മന്‍ഹാല്‍ പാലസിനു സമീപത്തു നിന്നു തുടങ്ങിയ ഘോഷയാത്രയില്‍ പാരമ്പരാഗത യൂണിഫോമിലുള്ള വിവിധ വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ മാര്‍ച്ച് പാസ്റ്റിനൊപ്പം ഭരണാധികാരികള്‍ അണിചേര്‍ന്നു. പഴയ എയര്‍പോര്‍ട്ട് റോഡിലൂടെ കാല്‍നടയായെത്തിയ ഘോഷയാത്ര അല്‍ നാസര്‍ സ്ട്രീറ്റിലൂടെ ഫെസ്റ്റിവല്‍ നഗരിയിലെത്തി. വിവിധ വേഷങ്ങളില്‍ അണിനിരന്ന പൈതൃക പോലീസ് സേനാംഗങ്ങളുടെയും നൂറുകണക്കിനു സ്വദേശി പൗരന്മാരുടെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്ര.
അല്‍ ഹൊസന്‍ പാലസിന്റെ കവാടത്തിന് ഇരുഭാഗത്തുമായി അണിനിരന്ന സ്വദേശികള്‍ പൈതൃകനൃത്തത്തോടെയും താളമേളങ്ങളോടെയുമാണ് കിരീടാവകാശിയെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചത്. പെണ്‍കുട്ടികളുടെ മുടിയാട്ടവും തോക്കുകള്‍ കയ്യിലേന്തിയുള്ള സ്വദേശികളുടെ നൃത്തവും ആയിരങ്ങളെ ആകര്‍ഷിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ ഹൊസന്‍ കോട്ട സന്ദര്‍ശിച്ചശേഷം വിശിഷ്ടാതിഥികള്‍ക്കും വിഐപികള്‍ക്കും മാത്രമായി അവതരിപ്പിച്ച കവാലിയാ ചരിത്രപ്രദര്‍ശനവും നടന്നു. ഉപപ്രധാനമന്ത്രിയും യു എ ഇ ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സാംസ്‌കാരിക യുവജന-സാമൂഹിക-വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ദേശീയ സുരക്ഷാ ഉപദേശകന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമുള്‍പ്പെടെ ഒട്ടേറെ പ്രമുഖരും ഒപ്പമുണ്ടായിരുന്നു. പൈതൃക മാര്‍ക്കറ്റുകളും സന്ദര്‍ശിച്ചു.