Connect with us

International

മാറ്റിയോ റെന്‍സി ഇറ്റാലിയന്‍ പ്രധാനമന്ത്രി

Published

|

Last Updated

റോം: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മാറ്റിയോ റെന്‍സി അധികാരമേറ്റു. 39കാരനായ റെന്‍സി ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. ഫ്‌ലോറന്‍സിന്റെ ഗവര്‍ണറായി സേവനമനുഷ്ടിച്ച മധ്യ ഇടതുപക്ഷക്കാരനായ റെന്‍സി ഇതുവരെ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടില്ല. പ്രായക്കുറവ് പോലെത്തന്നെ പരിചയവും കുറവാണ് റെന്‍സിക്ക്. പ്രധാനമന്ത്രി എന്റിക്കോ ലെറ്റ രാജിവെച്ച ഒഴിവിലേക്കാണ് റെന്‍സി സ്ഥാനമേല്‍ക്കുന്നത്. റെന്‍സിയുടെ കാബിനറ്റില്‍ എല്ലാവരും താരതമ്യേന പ്രായം കുറഞ്ഞവരാണ്. അവരില്‍ പകുതി പേര്‍ വനിതകളും.

സാമ്പത്തികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ നോക്കിയായിരിക്കും റെന്‍സിയുടെ പ്രകടനം വിലയിരുത്തപ്പെടുക. സാമ്പത്തികരംഗം മെച്ചപ്പെടുത്തുക തന്റെ പ്രഥമ പരിഗണനയായിരിക്കുമെന്ന് റെന്‍സി അധികാരമേറ്റശേഷം പറഞ്ഞതും മറ്റൊന്നുംകൊണ്ടല്ല. ഇറ്റലിയുടെ മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തിലേറെ യുവാക്കളാണ്. ഇവരില്‍ 14 ശതമാനവും തൊഴില്‍ രഹിതരാണ്.

നാലു മാസത്തിനുള്ളില്‍ തൊഴിലില്ലായ്മയും വിദ്യാഭ്യാസ രംഗവും നികുതി മേഖലയും പരിഷ്‌കരിക്കുമെന്നാണ് റെന്‍സി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇപ്പോഴുള്ള സഖ്യകക്ഷികളെ വിശ്വസിച്ച് ഇക്കാര്യങ്ങള്‍ ചെയ്യുക എന്നത് അത്ര എളുപ്പമല്ല എന്നാണ് ബി ബി സി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പത്ത് മാസത്തെ സംഭവ ബഹുലമായ ഭരണത്തിനുശേഷമാണ് എന്റിക്കോ ലെറ്റ ഭൂരിപക്ഷം നഷ്ടപ്പെട്ട് രാജിവെച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായില്ല എന്നതായിരുന്നു ലെറ്റക്കെതിരെ സ്വന്തം പാര്‍ട്ടി പോലും ലെറ്റക്കെതിരെ തിരിയാന്‍ കാരണം.

Latest