Connect with us

Kerala

രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്റര്‍ പദ്ധതികള്‍ അട്ടിമറിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ആരോഗ്യ മേഖലക്ക് വേണ്ടി 14 ജില്ലകളിലും ലാബ്, സംസ്ഥാനത്തിന് സ്വന്തമായൊരു വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്, നവജാത ശിശുക്കളിലെ ക്യാന്‍സര്‍, സിക്കിള്‍ സെല്‍ അനീമിയ പരിശോധനകള്‍ അടങ്ങിയ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ പദ്ധതികള്‍ ആരോഗ്യവകുപ്പ് അട്ടിമറിക്കുന്നതായി ആക്ഷേപം.

രാജീവ് ഗാന്ധി സെന്ററിനെ ഒഴിവാക്കാന്‍ നീക്കം നടത്തുന്നതിനൊപ്പം സര്‍ക്കാര്‍ മേഖലയിലെ ലാബുകള്‍ സ്വകാര്യവത്കരിക്കാനും ആരോഗ്യവകുപ്പ് നീക്കം നടത്തുന്നുണ്ട്.
പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളുമുള്‍പ്പെടെ കണ്ടെത്താനുള്ള രാജീവ് സമഗ്ര ഇ ഹെല്‍ത്ത് പദ്ധതി പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് അധ്യക്ഷയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയാണ്. എന്നാല്‍, പദ്ധതിയുടെ ചുമതല രാജീവ് ഗാന്ധി സെന്ററിനായതിനാല്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പിന് താത്പര്യമില്ല.
കൂടാതെ എല്ലാ ജില്ലകളിലും ബി പി എല്‍ രോഗികള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും അത്യാധുനിക ലാബ് പരിശോധനാ സൗകര്യമൊരുക്കാനുള്ള പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എച്ച് എല്‍ എല്ലിനെ രംഗത്തിറക്കിയാണ്. ലാബുകള്‍ സ്വതാര്യവത്കരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ടാക്കാന്‍ കെട്ടിടം മാത്രം വിട്ടുനല്‍കിയാല്‍ മതിയെന്ന് രാജീവ് ഗാന്ധി സെന്റര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനൊപ്പം രാജീവ് ഗാന്ധി സെന്റര്‍ കൂടി പ്രവര്‍ത്തിച്ചാല്‍ അവിടെ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കെണ്ടത്തല്‍.
നവജാത ശിശുക്കളിലെ ക്യാന്‍സര്‍, ആദിവാസി മേഖലകളിലെ സിക്കിള്‍ സെല്‍ അനീമിയ പരിശോധനകള്‍ എന്നിവ നടപ്പാക്കാനായിരുന്നു മറ്റൊരു പദ്ധതി. കഴിഞ്ഞ മാസം 23ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ഈ പദ്ധതികള്‍ക്കെല്ലാം തത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം തള്ളുകയായിരുന്നു.