ജനസമ്പര്‍ക്കം: സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ 420 പേര്‍ക്ക് 78 ലക്ഷം രൂപയുടെ ധനസഹായ വിതരണം

Posted on: February 20, 2014 1:48 pm | Last updated: February 20, 2014 at 1:48 pm

കല്‍പ്പറ്റ: മുഖ്യമന്ത്രി ഡിസംബര്‍ അഞ്ചിന് കല്‍പ്പറ്റയില്‍ നടത്തിയ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ ചികിത്സാ ധനസഹായത്തിന് അപേക്ഷിച്ച സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ 420 പേര്‍ക്കുള്ള 78 ലക്ഷം രൂപയുടെ ധനസഹായ വിതരണം ബത്തേരി മിനി സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നാളെ രാവിലെ 10 ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും.
ദേശീയ കുടുംബക്ഷേമ പദ്ധതിയില്‍ 180 പേര്‍ക്കുള്ള 26 ലക്ഷം രൂപയുടെ ധനസഹായ വിതരണവും എം.എല്‍.എ. നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് അദ്ധ്യക്ഷത വഹിക്കും.
എ.ഡി.എം. എന്‍.ടി.മാത്യു മുഖ്യപ്രഭാഷണം നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒരു കോടി 55 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചിരുന്നു.
ക്യാന്‍സര്‍, ക്ഷയരോഗ പെന്‍ഷന്‍ എന്നിവയ്ക്ക് പുതുതായി അപേക്ഷ നല്‍കിയ 150 പേര്‍ക്ക് പ്രതിമാസം 800 രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവും ചടങ്ങില്‍ നല്‍കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.