Connect with us

Ongoing News

വാട്‌സ് ആപ്പ് ഇനി ഫേസ്ബുക്കിന് സ്വന്തം

Published

|

Last Updated

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക്, പ്രമുഖ മൊബൈല്‍ മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പ് സ്വന്തമാക്കുന്നു. 16 ബില്യന്‍ ഡോളറിനാണ് വാട്‌സ് ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുന്നത്. ഇതില്‍ നാല് ബില്യന്‍ ഡോളര്‍ പണമായും 12 ബില്യന്‍ ഡോളര്‍ ഫേസ്ബുക്ക് ഓഹരിയായുമാണ് വാട്ട്‌സ് ആപ്പിന് നല്‍കുക.

വാട്‌സ് ആപ്പിന് നിലവില്‍ പ്രതിദിനം 450 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. ഇതില്‍ 70 ശതമാനം പേരും ദിവസവും സജീവമാണ്. ഈ അര്‍ഥത്തില്‍ ഒരു ഉപഭോക്താവിന് 40 ഡോളര്‍ എന്ന കണക്കിന് നല്‍കിയാണ് മെസ്സേജിംഗ് രംഗത്തെ പ്രമുഖരെ ഫേസ്ബുക്ക് കൈപ്പിടിയിലൊതുക്കുന്നത്.

മെസ്സേജിംഗ് ആപ്പുകളോട് മത്സരിക്കാന്‍ ഫേസ്ബുക്ക് നേരത്തെ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പോക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ ഫേസ്ബുക്ക് ആരംഭിച്ചത്. എന്നാല്‍ ഇത് വേണ്ടത്ര വിജയകരമായില്ല. തുടര്‍ന്ന് സ്‌നാപ്പ് ചാറ്റ് ഏറ്റെടുക്കാനും ഫേസ്ബുക്ക് ശ്രമം നടത്തി.

2009ലാണ് യാഹുവില്‍ എക്‌സിക്യുട്ടീവ്‌സ് ആയിരുന്ന കൗം, ബ്രയിന്‍ ആക്ടന്‍ എന്നിവര്‍ ചേര്‍ന്ന് വാട്‌സ് ആപ്പ് ആരംഭിച്ചത്. 2012ല്‍ തന്നെ വാ്ട്‌സ് ആപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് മേധാവി കൗമുമായി ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് ആദ്യകൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം ഈ മാസം തുടക്കത്തില്‍ ഇരുവരും ധാരണയില്‍ എത്തുകയായിരുന്നു.