സമരം നടത്താന്‍ കഴിയാത്ത വിധം സി പി എം തകര്‍ന്നു: തിരുവഞ്ചൂര്‍

Posted on: February 20, 2014 12:32 am | Last updated: February 20, 2014 at 12:32 am

ചെര്‍പ്പുളശേരി: നടത്തിയ സമരങ്ങളെല്ലാം ചീറ്റിപ്പോയ സി പിഎം ഇനിയൊരു സമരം നടത്താന്‍ കഴിയാത്ത വിധം തകര്‍ന്നിരിക്കുകയാണെന്നും ഇതിനെകുറിച്ച് സി പി എം ആത്മപരിശോധന നടത്തണമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ നയിക്കുന്ന ജനപക്ഷയാത്രക്ക് ചെര്‍പ്പുളശ്ശേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപി എമ്മിന്റെ സമരങ്ങള്‍ക്ക് ആത്മാര്‍ഥതയില്ലാത്തതിനാലാണ് ജനങ്ങള്‍ കൂടെയില്ലാത്തത്. മതേതരത്വം നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വംഭരണമേല്‍ക്കണമെന്നും മന്ത്രി വ്യക്തമാക്കി. മണ്ഡലം പ്രസിഡന്റ് കെ എം ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു ജാഥാ ക്യാപ്റ്റന്‍ സി വി ബാലചന്ദ്രന്‍, സതീശന്‍ പാച്ചേനി, അബ്ദുര്‍റശീദ്, വി എസ് വിജയരാഘവന്‍, ഓമന ഉണ്ണി, വി കെ ശ്രീകണ്ഠന്‍, സി ചന്ദ്രന്‍, കെ അപ്പു, ശാന്താ ജയറാം, വി വി പകാശ പസംഗിച്ചു. ജനപക്ഷയാത്ര ഇന്ന് രാവിലെ 9.30ന് മാത്തൂരില്‍നിന്ന് ആരംഭിക്കും.
പിന്നീട് പിരായിരി, പറളി, മങ്കര, മണ്ണൂര്‍, കേരളശ്ശേരി, കോങ്ങാട്, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, അമ്പലപ്പാറ, ലക്കിടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് ആറിന് ഒറ്റപ്പാലത്തു സമാപിക്കും. ജനപക്ഷയാത്രയുടെ ഇന്നത്തെ പര്യടനം 25ലേക്കു മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.