Connect with us

Editorial

മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടങ്ങള്‍

Published

|

Last Updated

മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടമുള്‍പ്പെടെ കെ പി സി സി ഇന്നലെ കൈക്കൊണ്ട തീരുമാനങ്ങള്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പ്രതിച്ഛായയും പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടിയില്‍ വിവാദ വിഷയങ്ങളില്‍ പരസ്യ പ്രസ്താവനക്കു വിലക്ക്, മന്ത്രിമാരും കെ പി സി സി ഭാരവാഹികളും മറ്റു ജില്ലകളില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ അതാതു ജില്ലകളിലെ ഡി സി സി പ്രസിഡന്റുമാരെ അറിയിക്കുക, പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിന് തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, എം എം ഹസന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി, മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ അഞ്ചംഗ സമിതി തുടങ്ങിയവയാണ് വി എം സുധീരന്‍ പ്രസിഡണ്ടായി നിയമിതനായ ശേഷം ആദ്യമായി ചേര്‍ന്ന യോഗത്തിലെ മറ്റു തീരുമാനങ്ങള്‍.
കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള ബന്ധം സുഖകരമല്ലെന്നും പാര്‍ട്ടിയുടെ താത്പര്യങ്ങളും ആവശ്യങ്ങളും മന്ത്രിമാര്‍ മുഖവിലക്കെടുക്കുന്നില്ലെന്നും പരാതിയുണ്ട്. മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുകയാണ് ഇതിന് പരിഹാരമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പോലെയുള്ളവര്‍ മുമ്പേ അഭിപ്രായപ്പെട്ടിരുന്നു. ഈ നിര്‍ദേശത്തോട് മന്ത്രിസഭയിലെ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതുകൊണ്ടായിരിക്കണം പാര്‍ട്ടി നേതൃത്വം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുനിയാതിരുന്നത്. ഇതു കാരണം പാര്‍ട്ടി ഒരു വഴിക്കും സര്‍ക്കാര്‍ മറ്റൊരു വഴിക്കുമെന്ന സ്ഥിതിയായിരുന്നു ഇതുവരേയും. പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണിതിനു പ്രധാന കാരണം. പാര്‍ട്ടിയെ നിയന്ത്രിക്കുന്നവര്‍ ഒരു ഗ്രൂപ്പിലും ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ മറ്റൊരു ഗ്രൂപ്പിലുമാകുമ്പോള്‍ ഭിന്നതകളും ചേരിപ്പോരും സ്വാഭാവികമാണ്. ഇത് കോണ്‍ഗ്രസിന്റെ മാത്രം ദുര്യോഗമല്ല. കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടികളില്‍ പോലും പ്രകടമാണ് ഇത്തരം ചേരിതിരിവുകള്‍. രാഷ്ട്രീയ രംഗത്തെ അപച്യുതിയുടെ പ്രതിഫലനമായി വേണം ഇതിനെ കാണാന്‍.
സര്‍ക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മന്ത്രിമാര്‍ക്കൊപ്പം അവരുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാക്കേണ്ടതാണ്. പാര്‍ട്ടി ദേശീയ സെക്രട്ടറിയായി ചുമതല യേറ്റെടുത്ത ഉടനെ വി ഡി സതീശന്‍ ഈ നിര്‍ദേശം ഉന്നയിച്ചിരുന്നു. സര്‍ക്കാറിന്റെ പ്രതിച്ഛായ മോശമാക്കുന്നത് പലപ്പോഴും മന്ത്രിമാരേക്കാളുപരി അവരുടെ പേഴ്‌സനല്‍ സ്റ്റാഫാണ്. സോളാര്‍ വിവാദത്തിലിത് വ്യക്തമായതാണ്. ഈ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിമാരുടെ ഓഫീസ് സ്റ്റാഫ് പോലും ഉള്‍പ്പെടുകയുണ്ടായി. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് മാഫിയകളുടെയും തട്ടിപ്പുകാരുടെയും ആജ്ഞാനുവര്‍ത്തികളായി മാറുന്ന ദുര്യോഗം സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ്.
യു ഡി എഫിലെ വിവിധ കക്ഷികള്‍ക്കിടയിലെ അനൈക്യവും ചേരിപ്പോരും പലപ്പോഴും മറനീക്കി പുറത്തു വരുന്ന സാഹചര്യത്തില്‍ ഘടക കക്ഷികള്‍ക്കിടയിലും ആവശ്യമാണ് അച്ചടക്കവും പെരുമാറ്റച്ചട്ടങ്ങളും. മുന്നണിയിലെ പല കക്ഷികളും വേണ്ടത്ര യോജിപ്പോടെയല്ല പ്രവര്‍ത്തിക്കുന്നത്. വ്യക്തി വിരോധങ്ങള്‍ ഘടക കക്ഷികള്‍ക്കിടയിലെ ചേരിപ്പോരിലേക്ക് നിങ്ങിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പാര്‍ട്ടിയിലും ഐക്യമുന്നണിയിലും ചര്‍ച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങള്‍ക്കെതിരെ പോലും മന്ത്രിമാരും നേതാക്കളും പൊതുവേദികളില്‍ അഭിപ്രായം പ്രകടിപ്പിക്കാറുമുണ്ട്. യു ഡി എഫ് ഏകോപന സമിതി യോഗത്തില്‍ പറയേണ്ട കാര്യങ്ങള്‍ പലരും പൊതുവേദികളിലാണ് വിളിച്ചുപറയാറ്. ഇത് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ മാത്രമല്ല വിശ്വാസ്യതയെ കൂടി ബാധിക്കുന്നു.
പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള സമീപനത്തിലെന്ന പോലെ പൊതുജീവിതത്തിലും സഭക്കകത്തും വേണ്ടതുണ്ട് ജനപ്രതിനിധികളുടെ പെരുമാറ്റങ്ങള്‍ക്കു നിയന്ത്രണങ്ങള്‍. തെരുവുഗുണ്ടകളെ പോലും നാണിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും പ്രയോഗങ്ങളും നിയമസഭക്കകത്തും പുറത്തും ജനപ്രതിനിധികളില്‍ നിന്ന് പ്രകടമാകാറുണ്ട്. തെലങ്കാന പ്രശ്‌നത്തെ ചൊല്ലി കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ കണ്ടതിനു സമാനമായ രംഗങ്ങള്‍ മുമ്പ് കേരള നിയമസഭയിലും അരങ്ങേറിയിരുന്നു. സഭയില്‍ അംഗങ്ങള്‍ക്ക് അനുവദിച്ച പ്രത്യേക സംരക്ഷണത്തിന്റെ മറവില്‍ എന്തു വൃത്തികേടും കാണിക്കുന്ന പ്രവണത അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഗൗരവ പൂര്‍വം ചിന്തിക്കേണ്ടതാണ്.

Latest