Connect with us

International

ഉക്രൈനില്‍ പ്രക്ഷോഭം അക്രമാസക്തം: മരണം 25

Published

|

Last Updated

കീവ്: ഉക്രൈനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമാകുന്നു. കലാപകാരികളായ പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 കവിഞ്ഞു. യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാര കരാര്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ആരംഭിച്ച പ്രക്ഷോഭം രണ്ട് ദിവസം മുമ്പ് രൂക്ഷമായ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഇതോടെ തലസ്ഥാനമായ കീവ് നഗരം പ്രക്ഷോഭകരാലും പോലീസുകാരാലും നിറഞ്ഞു. പ്രതിപക്ഷവും പ്രക്ഷോഭകരും എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വിക്ടര്‍ യാന്‍കോവിച്ച് വ്യക്തമാക്കി.
പ്രക്ഷോഭകരെ നേരിടാന്‍ സൈന്യത്തിന്റെ സഹായം തേടണമെന്ന് യാന്‍കോവിച്ചിനോട് റഷ്യ ആവശ്യപ്പെട്ടു. അതിനിടെ, ഉക്രൈനിനെതിരെ ശക്തമായ ഉപരോധത്തിനുള്ള നീക്കം നടത്തുമെന്ന് യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. സര്‍ക്കാറിന്റെ വിദേശനയവുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭം യൂറോപ്യന്‍ യൂനിയനും റഷ്യയും തമ്മിലുള്ള പോരിലേക്ക് വഴിമാറുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഉക്രൈനിലെ അക്രമാസക്തമായ പ്രക്ഷോഭത്തിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വമാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജോസ് മാന്വല്‍ വ്യക്തമാക്കി. പ്രക്ഷോഭത്തിന്റെ ഉത്തരവാദിത്വം യാന്‍കോവിച്ചിന് മേല്‍ വെച്ചുകെട്ടാന്‍ യൂറോപ്യന്‍ നേതാക്കള്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിപക്ഷ, ഭരണപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് കലാപത്തില്‍ ഒരുപോലെ പങ്കുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
തലസ്ഥാനത്തെ പാര്‍ലിമെന്റ് മന്ദിരത്തിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കും പ്രകടനം നടത്തിയ പ്രക്ഷോഭകരെ പോലീസ് തടയാന്‍ ശ്രമിച്ചത് മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിന് കാരണമായി. പോലീസിന് നേരെ പ്രക്ഷോഭകര്‍ കല്ലെറിയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തതോടെയാണ് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമാധാനപരമായി നടന്നിരുന്ന പ്രക്ഷോഭം അക്രമാസക്തമാക്കിയതിന് പിന്നില്‍ ഉക്രൈനിലെ പ്രതിപക്ഷ നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് യാന്‍കോവിച്ച് പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest