Connect with us

Wayanad

ദേശീയ ടെക്‌നോളജി കോണ്‍ഗ്രസ് മാനന്തവാടി ഗവ. എന്‍ജിനീയറിംഗ് കോളജില്‍

Published

|

Last Updated

കല്‍പ്പറ്റ: ശാസ്ത്രസാങ്കേതിക വിദ്യ സമൂഹത്തിലെ എല്ലാ തലത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സെന്റര്‍ ഫോര്‍ എന്‍ജിനിയറിംഗ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെക്‌നിക്കല്‍ എജുക്കേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വയനാട് എന്‍ജിനിയറിംഗ് കോളജില്‍ നാറ്റ് കോണ്‍ 2014 എന്ന പേരില്‍ നാളെ മുതല്‍ ദ്വിദിന ദേശീയ ടെക്‌നോളജി കോണ്‍ഗ്രസ് നടത്തും. സുസ്ഥിര വികസനത്തിന്റെ നൂതനാശയങ്ങള്‍ എന്ന വിഷയത്തെ ആധാരമാക്കിയാണ് നാറ്റ് കോണ്‍ സംഘടിപ്പിക്കുന്നത്. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കൃഷിരീതികള്‍, സൗരോര്‍ജം, മാലിന്യനിര്‍മാര്‍ജനത്തിലെ നൂതന മാര്‍ഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ശില്പശാലകളും വിദഗ്ധരുടെ ക്ലാസുകളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. സൗരോര്‍ജ ഉപയോഗം സംബന്ധിച്ച് ബാംഗളൂര്‍ ഐഐടിയിലെ ഡോ. അനില്‍ കോട്ടന്തറയില്‍, കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററിലെ ഡോ. അരവിന്ദ് എന്നിവര്‍ ക്ലാസെടുക്കും.
മാലിന്യസംസ്‌കരണത്തിലെ നൂതന മാര്‍ഗങ്ങളെക്കുറിച്ച് തിരുവനന്തപുരം തണലിലെ ഡോ. ഷിബു കെ നായര്‍, ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. ആനന്ദന്‍ എന്നിവരും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ കൃഷി എന്ന വിഷയത്തില്‍ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ഡോ. കെ.പി. സ്മിത, പന്നിയൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഡോ. ടി. ജിജിന്‍ എന്നിവരും സെമിനാറുകള്‍ നയിക്കും.
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള മുപ്പതോളം എന്‍ജിനിയറിംഗ് കോളജുകളില്‍ നിന്ന് തെരഞ്ഞെടുത്ത എഴുപത് ഗവേഷണ പ്രബന്ധങ്ങള്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കും.
അഡ്വാന്‍സ്ഡ് കംപ്യൂട്ടേഷന്‍, ആര്‍ക്കിടെക്ചര്‍, സിവില്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്മ്യുണിക്കേഷന്‍ എന്‍ജിനിയറിംഗ്, കെമിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഷയങ്ങളുമായി ബന്ധപ്പെട്ട 170 പ്രബന്ധങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് അവതരിപ്പിക്കുന്നത്. ട്രിച്ചി എന്‍ഐടി, കോഴിക്കോട് എന്‍ഐടി, ബാംഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
നാളെ രാവിലെ 11ന് തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടര്‍ എം. ചന്ദ്രദത്തന്‍ ഉദ്ഘാടനം ചെയ്യും. ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. ജെ. ലത അധ്യക്ഷത വഹിക്കും. എഐസിടിഇ മെമ്പര്‍ സെക്രട്ടറി ഡോ. കുഞ്ചെറിയ പി. ഐസക് മുഖ്യപ്രഭാഷണം നടത്തും.