ഒമാനില്‍ രണ്ടു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും

Posted on: February 18, 2014 9:08 pm | Last updated: February 18, 2014 at 9:08 pm

Labour Strikeമസ്‌കത്ത്: രാജ്യത്തെ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. വിദേശികളുടെ സാന്നിധ്യം 39 ശതമാനത്തില്‍നിന്ന് 33 ശതമാനമാക്കി കുറക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് മാനവവിഭവ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നടപടി പ്രാബല്യത്തിലായാല്‍ രാജ്യത്തു ജോലി ചെയ്യുന്ന രണ്ടു ലക്ഷത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. മധ്യനിര ഉദ്യോഗ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പ്രതിസന്ധി നേരിടുക.
സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികളും നിയന്ത്രണങ്ങളുമാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയില്‍ സ്വദേശി സാന്നിധ്യം വര്‍ധിപ്പിക്കും. ഇതനുസരിച്ച് സ്വദേശികളെ ജോലിക്കു തിരഞ്ഞെടുക്കുന്നത് നിയന്ത്രിക്കും. നിബന്ധനകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്നും തൊഴില്‍ നിയമം നടപ്പിലാക്കുന്നുവെന്നും നിരീക്ഷിക്കുന്നതിന് മന്ത്രാലയത്തിനു കീഴില്‍ സംവിധാനമുണ്ടാക്കും. ഇപ്പോള്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ 1,308,981 വിദേശികളാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ മേഖലയിലേതു കൂടി ചേര്‍ക്കുമ്പോള്‍ 15 ലക്ഷത്തോളം വരും. 33 ശതമാനമായി കുറക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. അവിദഗ്ധ മേഖലിയില്‍ ജോലി ചെയ്യുന്നവരെ നിയന്ത്രണം സാരമായി ബാധിക്കില്ല. എന്നാല്‍ സെയില്‍സ്, ഓഫീസ്, സെക്രട്ടറി തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അവസരങ്ങള്‍ കുറയുക.
രാജ്യത്തെ സ്വകാര്യ മേഖലയില്‍ നിലവില്‍ 244,698 സ്വദേശികള്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നാണ് കണക്കുകള്‍. 14 ശമതാനം മാത്രമാണിത്. ഇത് ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സ്വകാര്യ മേഖലയില്‍ സ്വദേശി സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായി വര്‍ഷങ്ങളായി സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ബിസിനസ് സ്ഥാപനങ്ങളുമായും ചേംബര്‍ ഓഫ് കോമേഴ്‌സുമായും സഹകരിച്ചും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഒമാന്‍ ജനറല്‍ ട്രേഡ് യൂനിയനുമായും മന്ത്രാലയം സഹകരിക്കുന്നു. തൊഴില്‍ രംഗത്ത് സ്വദേശി സാന്നിധ്യം വര്‍ധിപ്പിക്കുകയും വിദേശികളെ കുറക്കുകയും ചെയ്യുന്നതോടെ രാജ്യത്തെ ജനസംഖ്യാ അനുപാതത്തിലും മാറ്റം വരുത്താനാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു. 38 ലക്ഷം കവിഞ്ഞ രാജ്യത്തെ ജനസംഖ്യയില്‍ 44 ശതമാനം വിദേശികളാണ്. 2003ല്‍ ഇത് 27.7 ശതമാനം മാത്രമാണുണ്ടായിരുന്നത്. ജനസംഖ്യാ അസന്തുലിതാവസ്ഥയും വിദേശികളുടെ പെരുപ്പവും നിയന്ത്രിക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദഗ്ധ മേഖലയിലും ഉയര്‍ന്ന തസ്തികകളിലും സ്വദേശികളുടെ കുറവും മാനവവിഭവ മന്ത്രാലയം ഗൗരവമായി പരിഗണിക്കുന്നു. രാജ്യത്ത് 36 ശതമാനത്തില്‍ താഴെ സ്വദേശി ജീവനക്കാരും ജനറല്‍ ഡിപ്ലോമ പോലും ഇല്ലാത്തവരാണ്. അതേസമയം, സ്വദേശികളില്‍ 71 ശതമാനവും ജനറല്‍ ഡിപ്ലോമയില്ലാത്തവരാണ്. സ്വകാര്യമേഖലയില്‍ സ്വദേശി തൊഴില്‍ സാന്നിധ്യം വര്‍ധിച്ചു വരുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം വിദേശികളും വര്‍ധിച്ചു വരുന്നു. വര്‍ഷത്തില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ക്കനുസരിച്ച് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ക്ലിയറന്‍സ് കൊടുക്കുന്നുണ്ട്. ഇതു നിയന്ത്രിച്ച് സ്വദേശികള്‍ക്ക് അവസരം സൃഷ്ടിക്കും. മുഴുവന്‍ വാണിജ്യ, വ്യാവസായ സ്ഥാപനങ്ങളും സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി പരിശോധനയും നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പിടിക്കപ്പെടുന്ന കേസുകളും വര്‍ധിച്ചിട്ടുണ്ട്. വിദേശികളെ തൊഴില്‍ വിസയില്‍ കൊണ്ടു വന്ന് മറ്റു സ്ഥാപനങ്ങളുടെ ജോലിക്കു പറഞ്ഞയക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്കിതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്വദേശികളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും അനുവദിക്കില്ല. സ്വദേശികളുടെ മിനിമം വേതന നിയമം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.