തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് രാത്രികാല ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും: മന്ത്രി മുനീര്‍

Posted on: February 18, 2014 7:36 am | Last updated: February 18, 2014 at 7:36 am

കോഴിക്കോട്: തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി രാത്രികാല ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍. ‘എന്റെ കൂട്’ എന്ന പദ്ധതി ഇതിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. തെരുവില്‍ കഴിയുന്നവര്‍ക്ക് അന്തിയുറങ്ങാനും കുളിക്കാനുമുള്ള സൗകര്യം ഷെല്‍ട്ടറുകളിലുണ്ടാകും. യാചകരുടെ പുനരധിവാസവും തൊഴിലും ലക്ഷ്യമിട്ട് ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. യു ഡി എഫ് സര്‍ക്കാറിന്റെ 1000 ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുഖാമുഖത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നിര്‍ഭയ പദ്ധതിക്കു കീഴില്‍ എല്ലാ ജില്ലകളിലും വണ്‍ സ്റ്റോക്ക് ക്രൈസിസ് സെന്ററുകള്‍ സ്ഥാപിക്കും. ശൈശവ വിവാഹം നടക്കുന്നതായി സാമൂഹികനീതി വകുപ്പിനെ അറിയിച്ചാല്‍ തടയാനാകും. ഇക്കാര്യത്തില്‍ അയല്‍ക്കൂട്ടങ്ങളും ജാഗ്രതാ സമിതികളും ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
18 വയസ്സിനു മുകളിലുള്ള അനാഥര്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററു(ബി ആര്‍ സി)കള്‍ സ്ഥാപിക്കും. വിധവകള്‍ക്കുള്ള ആനുകൂല്യം വിവാഹമോചിതര്‍ക്കും ഭര്‍ത്താവ് സംരക്ഷിക്കാത്തവര്‍ക്കും കൂടി ബാധകമാക്കുന്ന കാര്യം അത്തരക്കാരുടെ എണ്ണം തിട്ടപ്പെടുത്തിയ ശേഷം പരിശോധിക്കും. വികലാംഗര്‍ക്ക് കെ എസ് ആര്‍ ടി സി നല്‍കുന്ന യാത്രാ ഇളവ് മാനസിക രോഗികള്‍ക്കും നല്‍കുന്നത് പരിഗണിക്കും.
പന്നിയങ്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കായി പത്ത് കോടി രൂപ അനുവദിച്ചതായും നിര്‍മാണ പ്രവൃത്തി ഈ മാസം 27 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്നും മുനീര്‍ പറഞ്ഞു. നഗര നവീകരണം ലക്ഷ്യമാക്കി നടപ്പാക്കുന്ന സിറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഉദ്ഘാടനവും അന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും.
സാമൂഹിക പ്രവര്‍ത്തകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മുഖാമുഖത്തില്‍ പങ്കെടുത്തു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി പങ്കെടുത്തു.