സുന്നി ഐക്യം: ഉപാധികളും കുത്തുവാക്കുകളും യോജിപ്പിന്റെ മാര്‍ഗമല്ല- എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

Posted on: February 17, 2014 11:40 pm | Last updated: February 17, 2014 at 11:40 pm

ma usthad 2ദേളി: ഉപാധികളും കുത്തുവാക്കുകളും യോജിപ്പിന്റെ മാര്‍ഗമല്ലെന്ന് ബുദ്ധിയുള്ളവര്‍ക്ക് വിലയിരുത്താവുന്ന കാര്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
സമസ്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് യോജിപ്പ് അടഞ്ഞ അധ്യായമല്ലെന്ന് താന്‍ പ്രതികരിച്ചത്. അല്ലാതെ മുശാവറ തീരുമാനം അറിയിച്ചതല്ല. അതിനോട് പ്രതികരിക്കേണ്ടത് മറുഭാഗത്തെ പണ്ഡിതരാണ്. മാന്യമായ അഭിപ്രായം പറയുന്നതിനു പകരം വിവാദങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
യോജിപ്പിക്കാനായി പ്രമുഖന്മാരും മാന്യന്മാരും കുറെയധികം ഉത്സാഹിച്ചിരുന്നു. മറുപക്ഷത്തിന്റെ നിസ്സഹകരണം കാരണമായി നടക്കാതിരുന്നതാണ്. 1951 മുതല്‍ സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കായ വ്യക്തി എന്ന നിലക്ക് ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനത്തിലുള്ള വൈഷമ്യം കണക്കിലെടുത്തുകൊണ്ടാണ് വിശാല മനസ്‌കനായ മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി ഒരിക്കല്‍ ബന്ധപ്പെട്ടത്. സഹപ്രവര്‍ത്തകന്‍ കെ പി ഹംസ മുസ്‌ലിയാരും കൂടെയുണ്ടായിരുന്നു. മംഗലാപുരം മുഹമ്മദ് ഹാജി എന്നയാളുടെ വീട്ടിലായിരുന്നു ആ കൂടിക്കാഴ്ച. കാസര്‍കോട്ടെ പ്രധാന വ്യക്തികളിലൊരാളായ എന്‍ എ അബൂബക്കര്‍ ഹാജിയും അന്നു മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുല്ലയും ദൃക്‌സാക്ഷികളായിരുന്നു.
പൂര്‍വബന്ധമനുസരിച്ച് വ്യക്തിപരമാണ് കൂടിക്കാഴ്ചയെന്നും ഞാനുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ പ്രതിനിധിയായിട്ടല്ലെന്നും ഞാന്‍ വ്യക്തമാക്കിയതാണ്. ഞങ്ങളുടെ ഭാഗത്ത് നേതൃത്വം വഹിക്കുന്ന വന്ദ്യരായ മര്‍ഹൂം താജുല്‍ ഉലമയെ സഹകരിപ്പിക്കാന്‍ ശ്രമിക്കാമെന്നും മറുവശത്തുള്ളവരെ താങ്കളും ബന്ധപ്പെട്ട് സഹകരിപ്പിക്കണമെന്നുമായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്. അന്ന് അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുകയും മറുവിഭാഗക്കാരുമായി ബന്ധപ്പെടട്ടെ എന്നു പറഞ്ഞു പിരിയുകയുമാണുണ്ടായത്. അദ്ദേഹത്തിന്റെ വിയോഗശേഷം സ്ഥാനമേറ്റെടുത്ത സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങളും ഞാനുമായി കാസര്‍കോട് മാലിക് ദീനാര്‍ പള്ളിയില്‍ ഒത്തുകൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ഇനി തുടര്‍ പ്രവര്‍ത്തനം തങ്ങള്‍ നടത്തണമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഈ വസ്തുത ഓര്‍ത്തു കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അടഞ്ഞ കാര്യമല്ല എന്ന് ഞാന്‍ പ്രതികരിച്ചത്. വേണ്ടി വന്നാല്‍ മുശാവറ ചേര്‍ന്ന് വേണ്ട തീരുമാനങ്ങള്‍ എടുക്കും. ഉപാധികളില്ലാതെ ഇരുവിഭാഗത്തിന്റെ പ്രതിനിധികള്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് സംസാരിക്കാന്‍ തയ്യാറാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും എന്നാണ് എന്റെ പ്രതീക്ഷയന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവശ്യമാണെങ്കില്‍ രണ്ട് വിഭാഗവും അംഗീകരിക്കുന്ന മധ്യസ്ഥന്മാരെയും കൂടെ ഇരുത്താവുന്നതാണ്. മറുഭാഗം തയ്യാറാണെങ്കില്‍ മുശാവറ ചേര്‍ന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ തയ്യാറാണ്. സന്മനസ്സോടെ കൈകാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആശിക്കുന്നതായും എം എ പ്രസ്താവനയില്‍ പറഞ്ഞു.