വിദ്യാലയ ഫീസ് വര്‍ധന ദുബൈ അംഗീകരിച്ചു

Posted on: February 17, 2014 9:28 pm | Last updated: February 17, 2014 at 9:28 pm

educationദുബൈ: വിദ്യാലയ ഫീസ് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അനുമതി നല്‍കി. പ്രവര്‍ത്തനമികവ് പ്രകടിപ്പിച്ച വിദ്യാലയങ്ങള്‍ മാത്രമേ ഫീസ് കൂട്ടാന്‍ പാടുള്ളൂ.

ഏറ്റവും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിലുള്ളവക്ക് ഏഴ് ശതമാനം ഫീസ് വര്‍ധിപ്പിക്കാം. മികച്ച വിദ്യാലയങ്ങള്‍ക്ക് ആറ് ശതമാനം വര്‍ധിപ്പിക്കാം. സ്വീകാര്യമായതോ സാധാരണ നിലവാരം പുലര്‍ത്തുന്നതോ ആയ വിദ്യാലയങ്ങള്‍ക്ക് അഞ്ച് ശതമാനം വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്.
വിദ്യാഭ്യാസച്ചെലവ് സൂചിക പൂജ്യമോ താഴെയോ ഉള്ള വിദ്യാലയങ്ങള്‍ക്ക് അനുമതിയില്ല.
വിദ്യാലയ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ പണപ്പെരുപ്പം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതാത് വിദ്യാലയങ്ങള്‍ക്ക് തീരുമാനം കൈക്കൊള്ളാന്‍ അവകാശമുണ്ടെന്ന് എക്‌സി. കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ശൈബാനി പറഞ്ഞു.
2013ല്‍ വിദ്യാഭ്യാസച്ചെലവ് 1.74 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് ദുബൈ സ്റ്റാറ്റിക്‌സ് സെന്റര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രവര്‍ത്തനച്ചെലവിന്റെ 60 ശതമാനം ശമ്പളത്തിനു നീക്കിവെക്കേണ്ടി വരുന്നു. വാടക, അറ്റകുറ്റപ്പണികള്‍, വൈദ്യുതി, വെള്ളം എന്നിവയുടെ ചെലവ് വര്‍ധിച്ചിട്ടുണ്ട്.
വിദ്യാലയങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന അവസ്ഥക്ക് പരിഹാരമായാണ് നിര്‍ദേശമെന്ന് ശൈബാനി അറിയിച്ചു. അതേസമയം കെ എച്ച് ഡി എയുടെ നിഗമന പ്രകാരം ഏറ്റവും മികച്ച വിദ്യാലയങ്ങള്‍ക്ക് 3.48 ശതമാനം ഫീസ് വര്‍ധനവാണ് അനിവാര്യമായിരിക്കുന്നത്.

 

ALSO READ  കൂളായി പരീക്ഷാ ഹാളിലേക്ക്