ദുരിതയാത്രക്ക് അറുതിയായി; പരുത്തിപ്പാറ-മൂര്‍ക്കനാട് റോഡ് തുറന്നു

Posted on: February 17, 2014 10:00 am | Last updated: February 17, 2014 at 10:00 am

ഫറോക്ക്: മൂര്‍ക്കനാട് കടവ് നിവാസികളുടെ ദുരിതയാത്രക്ക് അറുതി വരുത്തി കൊണ്ട് പരുത്തിപ്പാറ-മൂര്‍ക്കനാട് റോഡിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ നടന്നു.
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പണിതത്. 550 മീറ്റര്‍ നീളത്തില്‍ ആവശ്യമുള്ളിടത്ത് ഉയര്‍ത്തിയും ബോളര്‍ പാകി സോളിംഗ്, മെറ്റലിംഗ്, ടാറിംഗ് നടത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. രാമനാട്ടുകര പഞ്ചായത്ത് ഒന്ന് രണ്ട് വാര്‍ഡുകളിലൂടെ കടന്നു പോകുന്ന റോഡ് 1981 ലാണ് നിര്‍മിച്ചത്.
ജനകീയ കൂട്ടായ്മയിലൂടെ പണിത റോഡ് കാലങ്ങളായി അവഗണിക്കപ്പെട്ടത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. അന്‍പതോളം കുടുംബങ്ങള്‍ക്ക് ഏകവഴിയായ റോഡിനാണ് ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ മോചനമായിരിക്കുന്നത്. വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ഉദ്ഘാടനം നടന്നത്. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി ജി ജോര്‍ജ്ജ് നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹംസക്കോയ അധ്യക്ഷനായി. അസി. എന്‍ജിനീയര്‍ കെ പി മനോജ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എം പുഷ്പ്പ, ജില്ലാ പഞ്ചായത്ത് അംഗം സരസു കൊടമന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി അബ്ദുസ്സമദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ആസിഫ്, പഞ്ചായത്ത് അംഗങ്ങളായ കെ ചന്ദ്രദാസന്‍, വി കെ ഹാജറാബീവി, കെ വി റഹ്മത്തുന്നിസ, എം കെ ശിവദാസന്‍, എം കെ മുഹമ്മദലി, കെ ടി റസാഖ്, പി പരമേശ്വരന്‍, അബ്ബാസ് മേലാത്ത്, ടി അബ്ദുര്‍റഹിമാന്‍, ജി നാരായണന്‍കുട്ടി, ടി കബീര്‍, ടി രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ഒ ഭക്തവത്സലന്‍, പഞ്ചായത്ത് സെക്രട്ടറി ഇ എം അബ്ദുല്‍അസീസ് സംസാരിച്ചു.