Connect with us

Editorial

വര്‍ഗീയ വിഷം ചീറ്റി തെഗാഡിയ വീണ്ടും

Published

|

Last Updated

ഇന്നലെ ആലപ്പുഴയില്‍ വി എച്ച് പിയുടെ ഹിന്ദു സ്വാഭിമാന സമ്മേളനത്തില്‍ പ്രസംഗിക്കവെ സംസ്ഥാനത്തെ മതസൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നവിധം കൊടും വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശങ്ങളാണ് വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ നടത്തിയത്. മലബാര്‍ പ്രത്യേക സംസ്ഥാനമാക്കണമെന്നാവശ്യപ്പെടുന്നവര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആക്രോശം. അവര്‍ ഇന്ത്യ വിട്ടു പോകണമെന്നും ഇല്ലെങ്കില്‍ ഗുജറാത്തിലെയും മുസാഫര്‍ നഗറിലെയും മുസ്‌ലിംകള്‍ക്കുണ്ടായതു പോലെ കൂട്ടക്കുരുതി നേരിടാന്‍ തയ്യാറാകണമെന്നുമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിലേതു പോലെ മലബാറിലും മുസ്‌ലിം വംശീയഹത്യക്ക് സംഘ്പരിവാര്‍ മടിക്കില്ലെന്ന് തൊഗാഡിയ തുറന്നടിച്ചത് നൂറുകണക്കിന് പോലിസുകാരെ സാക്ഷിനിര്‍ത്തിയാണ്.
മലബാര്‍ പ്രത്യേക സംസ്ഥാനമാക്കണമെന്ന് ചില സംഘടനകള്‍ ആവശ്യപ്പെടാനിടയായ സാഹചര്യവും മലബാറിന്റെ പിന്നാക്കാവസ്ഥയും അറിയാത്തവരല്ല തൊഗാഡിയയും സംഘ്പരിവാറും. അടിസ്ഥാന വികസനത്തിലും വിദ്യാഭ്യാസപരമായും വ്യാവസായികമായുമെല്ലാം മലബാറിന്റെ സ്ഥിതി ദയനീയമാണ്. സംസ്ഥാനം ഭരിച്ചവരെല്ലാം വികസനം തെക്കന്‍ കേരളത്തിലൊതുക്കുകയും മലബാറിനെ തീര്‍ത്തും അവഗണിക്കുകയുമാണെന്ന പരാതി കക്ഷി, മത വ്യത്യാസമില്ലാതെ വ്യാപകമാണ്. റെയില്‍വേയും തുടര്‍ച്ചയായി മലബാറിനെ അവഗണിക്കുകയാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇതുപോലെ അവഗണിക്കപ്പെട്ട പ്രദേശക്കാരെല്ലാം നിരന്തര സമ്മര്‍ദങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും പുതിയ സംസ്ഥാനങ്ങള്‍ നേടിയെടുത്തിട്ടുണ്ട്. മലബാറിലും ഇത്തരമൊരു ആവശ്യമുയരാന്‍ പ്രചോദനം അതായിരിക്കണം. അങ്ങനെയൊരു സംസ്ഥാനം നിലവില്‍ വന്നാല്‍ അതിന്റെ പ്രയോജനം അനുഭവിക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ല, ഈ മേഖലയിലെ മുഴുവന്‍ ജനതയുമാണ്. മലപ്പുറം ജില്ലാ രൂപവത്കരണ വേളയിലും ഇത്തരം അപശബ്ദങ്ങള്‍ ഉയരുകയും കൊച്ചു പാക്കിസ്ഥാനായി മലപ്പുറം രൂപാന്തരപ്പെടുമെന്ന് സംഘ്പരിവാര്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ പൊള്ളത്തരം കേരളീയര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചു കൊണ്ടുള്ള തൊഗാഡിയയുടെ പ്രസ്താവനകള്‍ കേരളത്തില്‍ ഇതാദ്യമല്ല. 2002 നവംബറില്‍ വടക്കന്‍ കേരളത്തില്‍ നടന്ന ഒരു പരിപാടിയില്‍, സമുദ്രം ഹിന്ദുവിന്റേത് മാത്രമാണെന്നും മറ്റു മതസ്ഥര്‍ക്കവകാശമില്ലെന്നും, യുദ്ധം ചെയ്തിട്ടാണെങ്കിലും അവരില്‍ നിന്നത് തിരിച്ചുപിടിക്കണമെന്നും സംഘ്പരിവാറിനോടാഹ്വാനം ചെയ്തിരുന്നു. പരസ്പരം സൗഹാര്‍ദത്തില്‍ കഴിയുന്ന തീരപ്രദേശങ്ങളിലെ വ്യത്യസ്ത മതക്കാരെ തമ്മിലടിപ്പിക്കുകയായിരുന്നു തൊഗാഡിയയുടെ ലക്ഷ്യം. സംഘ്പരിവാറിന്റെ ഇത്തരം പ്രചാരണങ്ങളുടെയും ആഹ്വാനങ്ങളുടെയും പ്രതിഫലനമായിരുന്നല്ലോ മാറാട് കടപ്പുറത്ത് കണ്ടത്.
മണക്കാട്ടെ പ്രസംഗത്തിന്റെ പേരില്‍ എം എം മണിക്കെതിരെയും വടകരയില്‍ ടി പി ചന്ദ്രശേഖരനെതിരെ പ്രസംഗിച്ചതിന് സി ഭാസ്‌കരനെതിരെയും കേസെടുത്തവരും അബ്ദുന്നാസിര്‍ മഅ്ദനിയുടെ പ്രസംഗത്തില്‍ വര്‍ഗീയതയും തീവ്രവാദവും കണ്ടവരും തൊഗാഡിയയുടെ പ്രസംഗത്തില്‍ അപാകം കണ്ട മട്ടില്ല. അഥവാ അദ്ദേഹത്തിനെതിരെ കേസെടുത്താല്‍ തന്നെ അത് കോടതി തിരസ്‌കരിക്കുന്ന വിധം കൃത്യമായ വിവരങ്ങളോ മേല്‍വിലാസമോ രേഖപ്പെടുത്താതെയുമായിരിക്കും. 2011 ഏപ്രില്‍ 30ന് കാഞ്ഞങ്ങാട് നടന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തില്‍ തൊഗാഡിയയുടെ വര്‍ഗീയത ഇളക്കിവിടുന്ന പ്രസംഗത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത രീതി അതായിരുന്നല്ലോ. തൊഗാഡിയയുടെ പൂര്‍ണ വിലാസമോ, താമസ സ്ഥലമോ രേഖപ്പെടുത്താതെയും സംഭവം നടന്ന തീയതി പോലും തെറ്റായി ചേര്‍ത്തും വളരെ ലാഘവത്തോടെയായിരുന്നു അന്ന് ഹൊസ്ദുര്‍ഗ് പോലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് കോടതി കുറ്റപത്രം മടക്കുകയായിരുന്നു. മാത്രമല്ല, പ്രസ്തുത കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും അതിനെ വെല്ലുവിളിച്ച് തൊഗാഡിയ അടുത്ത വര്‍ഷം കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ നടന്ന ഹിന്ദുസംരക്ഷണ സമിതി പൊതുയോഗത്തില്‍ പ്രസംഗിക്കാനെത്തുകയുണ്ടായി. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ സുരക്ഷക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. നിയമത്തിന്റെയും നീതിയുടെയും ഈ ദ്വിമുഖം പ്രബുദ്ധ കേരളത്തിനപമാനമാണ്.

Latest