ടി പിക്കെതിരായ പരാമര്‍ശം: ഭാസ്‌കരനെതിരെ മാനനഷ്ടക്കേസ്

Posted on: February 16, 2014 1:02 pm | Last updated: February 18, 2014 at 7:57 am

tp-chandrasekaran-350x210കോഴിക്കോട്: ടി പി ചന്ദ്രശേഖരനെതിരെ പരസത്രീ ബന്ധമാരോപിച്ച സി പി എം നേതാവ് സി ഭാസ്‌കരനെതിരെ കെ കെ രമ മാന നഷ്ടക്കേസ് ഫയല്‍ ചെയ്യും. ആര്‍ എം പി നേതൃയോഗത്തിലാണ് തീരുമാനം.

പി മോഹനന് നല്‍കിയ സ്വീകരണ പരിപാടിയിലാണ് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സി ഭാസ്‌കരന്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ടി പി കൊല്ലപ്പെടുന്നതിന് മുമ്പ് വന്ന ഫോണ്‍കോള്‍ ഒരു സ്ത്രീയുടേതായിരുന്നുവെന്നും ഈ സ്ത്രീ എന്നും ചന്ദ്രശേഖരനെ വിളിക്കാറുണ്ടെന്നും ഭാസ്‌കരന്‍ ആരോപിച്ചിരുന്നു.

കൊല്ലപ്പെട്ട ദിവസം വള്ളിക്കാട്ടേക്ക് ടി പി എന്തിനാണ് പോയതെന്നും ടി പിയുടെ ഫോണ്‍ ലിസ്റ്റ് പരിശോധിച്ചാല്‍ കൊന്നവരെ കുറിച്ച് മനസ്സിലാക്കാമെന്നും ഭാസ്‌കരന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്കാരെ വെല്ലുവിളിച്ചാല്‍ ആര്‍ എം പിക്കാരെ ഇല്ലാതാക്കുമെന്ന ഭീഷണിയും ഭാസ്‌കരന്‍ മുഴക്കിയിരുന്നു.

പ്രസംഗത്തിന്റെ പേരില്‍ ഭാസ്‌കരനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പോലീസ് നടപടി അസംബന്ധമാണ് എന്നായിരുന്നു പിണറായി വിജയന്റെ ആരോപണം. ടി പിയെ കുറിച്ച് നന്നായി അറിയുക നാട്ടുകാര്‍ക്കാണെന്ന് പറഞ്ഞ പിണറായി ഭാസ്‌കരനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.