പ്രണയദിനത്തിലെ കൊലപാതകം പീഡനത്തിന് ശേഷമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: February 15, 2014 7:37 pm | Last updated: February 15, 2014 at 10:38 pm

wyd-obit--ANAGHA-16കല്‍പ്പറ്റ: കല്ലുവയല്‍ ജയശ്രീ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പുല്‍പള്ളി ആടിക്കൊല്ലി അമ്പത്താറ് മൂലേതറയില്‍ ദാസന്റെ മകള്‍ അനഘാദാസി(17)നെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പുല്‍പ്പള്ളി മാരപ്പന്‍മൂല പുലിക്കപറമ്പില്‍ അബ്ദുര്‍റഹ്മാനെ(22) അനഘ മരിച്ചുകിടന്ന ഗുണ്ടല്‍പേട്ട മദൂരിനടുത്തെ കക്കല്‍തൊണ്ടി തടാകക്കരയില്‍ ചാമ്‌രാജ് നഗര്‍ എസ് പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് കൊണ്ടുപോയി തെളിവെടുത്തു. പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം വിദ്യാര്‍ഥിനിയെ അബ്ദുര്‍റഹ്മാന്‍ തടാകത്തില്‍ തള്ളുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഗുണ്ടല്‍പേട്ടയിലെ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ എട്ട് മണിയോടെ ചാമ്‌രാജ് നഗര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് 12 മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൂന്ന് മണിയോടെ മൃതദേഹം സഹപാഠികളും അധ്യാപകരും രാഷ്ട്രീയപ്രവര്‍ത്തകരുമടങ്ങുന്ന വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് വിദ്യാര്‍ഥിനിയുമായി അബ്ദുര്‍റഹ്മാന്‍ കക്കല്‍തൊണ്ടിയിലെത്തിയത്. തടാകത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി നീന്തലറിയാതെ മരിക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ കുളിക്കാനുപയോഗിക്കാത്ത ചെളിനിറഞ്ഞ ഈ തടാകത്തിലേക്ക് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അനഘയുടെ മൃതശരീരം തള്ളുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. വീടുകളില്ലാത്ത ഈ പ്രദേശം കൃഷിയിടമായി മാത്രം ഉപയോഗിച്ചുവരുന്നതാണ്.
മൃതദേഹം തടാകത്തില്‍ തള്ളിയ ശേഷം അബ്ദുര്‍റഹ്മാന്‍ കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്നവരെ വിളിച്ചുകൂട്ടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഉടന്‍ ഗുണ്ടല്‍പേട്ട പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി അബ്ദുര്‍റഹ്മാനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിന്റെ രഹസ്യങ്ങളിലേക്ക് വഴിതുറന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹവീട്ടില്‍ വെച്ച് പരിചയപ്പെട്ട അനഘയുമായി നിരന്തരമായി ഫോണില്‍ ബന്ധപ്പെടുകയും വലയിലാക്കുകയുമായിരുന്നു.
ഏതാനം സിനിമകളില്‍ അപ്രധാനമായ വേഷത്തില്‍ മുഖം കാണിച്ചിട്ടുള്ള അബ്ദുര്‍റഹ്മാന്‍ ആ പേരിലായിരുന്നു വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും വശത്താക്കിയിരുന്നത്. വിദ്യാര്‍ഥിനിയുമായി ഗുണ്ടല്‍പേട്ടയിലെത്തിയ വേളയില്‍ കാറില്‍ നാലംഗ സംഘം അനുഗമിച്ചിരുന്നതായി സൂചനയുണ്ടെങ്കിലും പോലീസ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്നലെ വൈകീട്ടോടെ ഗുണ്ടല്‍പേട്ടയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.