നിലമ്പൂരിലെ കൊലപാതകം: രാധയുടെ സിം കാര്‍ഡ് കണ്ടെത്തി

Posted on: February 15, 2014 10:32 pm | Last updated: February 15, 2014 at 10:32 pm

nilambur murder radha convict bijuപെരിന്തല്‍മണ്ണ: കോണ്‍ഗ്രസ് ഓഫിസില്‍ വെച്ച് കൊല്ലപ്പെട്ട തൂപ്പുകാരി രാധയുടെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് പോലീസ് കണ്ടെത്തി. പ്രതികളുമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിന് സമീപത്ത് കണ്ടെത്തിയത്.
പ്രതി ഷംസുദ്ദീനാണ് സിം കാര്‍ഡ് ഇവിടെ ഉപേക്ഷിച്ചിരുന്നത്. രാവിലെ പ്രതികളെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയതിന് ശേഷമാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിളികളുടെ ശാസ്ത്രീയ അന്വേഷണമാണ് ഇപ്പോള്‍ നടത്തുന്നത്.
പത്തോളം പേരെ സി ഐ ഓഫിസിലേക്ക് വിളിച്ചു വരുത്തി ഇന്നലെ ചോദ്യം ചെയ്തു. ഇവരില്‍ സംശയിക്കുന്നവരായ നാലാളുകളെ കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്തത്.
മുമ്പ് ചോദ്യം ചെയ്ത് വിട്ടയച്ച ഒന്നിലധികം പേരെ ശനിയാഴ്ചയും ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തി.
രാത്രി ഏറെ വൈകിയാണ് ഇവരെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചത്. നിലമ്പൂര്‍ കേന്ദ്രീകരിച്ചുള്ള പ്രമുഖരടക്കം മറ്റു പലരേയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലിസ് പറഞ്ഞു.