അണ്ടര്‍ 19 ലോകകപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ജയം

Posted on: February 15, 2014 7:33 pm | Last updated: February 15, 2014 at 7:33 pm

under-17 world cupദുബായ്: ഐ സി സി അണ്ടര്‍ 19 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ആദ്യമത്സരത്തില്‍ അയല്‍ക്കാരായ പാക്കിസ്ഥാനെ ഇന്ത്യന്‍കുട്ടികള്‍ 40 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ 262 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 48.4 ഓവറില്‍ 222 റണ്‍ണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ദീപക്ക് ഹുഡയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് പാക്കിസ്ഥാന്റെ ചിറകരിഞ്ഞത്. മലയാളി താരം സഞ്ചു സാംസണിന്റെയും(68) സര്‍ഫ്രാസ് ഖാന്റെയും(74) ബാറ്റിങ് മികവാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായകരമായത്.

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സമി അസ്ലമാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. 85 പന്തില്‍നിന്നു സമി 64 റണ്‍സ് നേടി. സമിയും, ഇമാം ഉള്‍ഹങും(39) ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 109 റണ്‍സിന്റെ മികച്ച തുടക്കമാണ് പാക്കിസ്ഥാന് നല്‍കിയത്. എന്നാല്‍ പിന്നീട് വന്ന ബാറ്റസ്മാന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.

നാല് തവണ കിരീടം നേടിയ ഇന്ത്യക്ക് ഇത്തവണയും ജയിക്കാനായാല്‍ നാല് തവണ കിരീടം നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.