ഫാഷന്‍ ലോകത്ത് ദുബൈ രണ്ടാം സ്ഥാനത്ത്

Posted on: February 15, 2014 5:46 pm | Last updated: February 15, 2014 at 5:46 pm

e3ദുബൈ: ഫാഷന്‍ ലോകത്ത് പാശ്ചാത്യ നഗരങ്ങളെ കടത്തിവെട്ടാനൊരുങ്ങി ദുബൈ. ആഡംബര ഉത്പന്നങ്ങളുടെയും പുതു ഫാഷനുകളുടെയും കേന്ദ്രമെന്ന നിലയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ദുബൈ. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ സി ബി ആര്‍ ഇ ഗവേഷണ പ്രകാരം ലണ്ടന്‍ നഗരത്തിനു തൊട്ടുപിന്നിലെത്തിയിട്ടുണ്ട്.

ഫാഷന്‍ ലോകത്ത് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം ദുബൈയിലെത്തും. ചില്ലറ വില്‍പ്പന രംഗത്ത് മധ്യപൗരസ്ത്യദേശത്തിന്റെ പകുതിയും ദുബൈയിലാണ്.
മികച്ച രാജ്യാന്തര ഉത്പന്നങ്ങളുടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ ദുബൈയില്‍ ആരംഭിച്ചിട്ടുണ്ട്. ഡി 3 എന്ന പേരില്‍ ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടിറ്റിന്റെ നിര്‍മാണം തുടങ്ങി. ഫാഷന്‍ വ്യവസായത്തിന്റെ ആസ്ഥാനമായി ഡി 3 മാറും. ഡിസൈന്‍ സ്റ്റുഡിയോകള്‍, ഹോട്ടലുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവ ഇവിടെ ഒരുക്കും.
17 ലക്ഷം ചതുരശ്രയടി മീറ്ററില്‍ 100 കോടി ഡോളര്‍ ചെലവ് ചെയ്താണ് ഡി 3 നിര്‍മിക്കുന്നത്. 2015 ഓടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് സി ഇ ഒ അമീനാ അല്‍ റുസ്തമാനി പറഞ്ഞു.
2012ല്‍ മധ്യപൗരസ്ത്യദേശം ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് 760 കോടി ഡോളര്‍ ചെലവ് ചെയ്തു. ഇതില്‍ മൂന്നിലൊന്ന് ദുബൈയിലാണ്. ഈജിപ്ത്, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അറബ് കരകൗശല വിദഗ്ധര്‍ ദുബൈയിലെത്തിക്കൊണ്ടിരിക്കുന്നു. മാള്‍ ഓഫ് ദി എമിറേറ്റ്‌സ് അടക്കം 40 ഓളം മാളുകളില്‍ ഇവര്‍ക്ക് ഫാഷന്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ അവസരമുണ്ട്.