Connect with us

National

കെജ്‌രിവാള്‍ രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു. അഴിമതി തടയുന്നതിനുള്ള ജന്‍ ലോക്പാല്‍ ബില്‍ നിയമസഭയില്‍ പാസ്സാക്കിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇന്നലെ രാത്രിയാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. സംഭവബഹുലമായ 49 ദിവസത്തെ ഭരണത്തിനു ശേഷമാണ് കെജ്‌രിവാള്‍ സ്ഥാനം ഒഴിയുന്നത്. കാബിനറ്റ് യോഗത്തിനു ശേഷം രാജിക്കത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജുംഗിന് നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നത് പരാജയപ്പെട്ടതോടെ രാജിവെക്കുമെന്ന സൂചന സഭയില്‍ നടത്തിയ പ്രസംഗത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയിരുന്നു. ബി ജെ പിയും കോണ്‍ഗ്രസും ഒന്നിച്ചെതിര്‍ത്തതിനാല്‍ ലോക്പാല്‍ ബില്‍ സഭയില്‍ അവതരിപ്പിക്കാനായില്ലെന്ന് രാജിക്കത്ത് നല്‍കുന്നതിന് മുമ്പ് കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശം മറികടന്ന് ലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തെ പ്രധാന പ്രതിപക്ഷമായ ബി ജെ പിയും കോണ്‍ഗ്രസും ഒന്നിച്ചെതിര്‍ക്കുകയായിരുന്നു. ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചെങ്കിലും അവതരണം സ്പീക്കര്‍ എം എസ് ധീര്‍ തള്ളി. 27നെതിരെ 42 വോട്ടുകള്‍ക്കാണ് ബില്ലിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്. ബി ജെ പിയും കോണ്‍ഗ്രസും എതിര്‍ത്ത് വോട്ട് ചെയ്തു.

kejriwal resign letter

കെജ്‌രിവാളിന്റെ രാജിക്കത്ത്

“ഇത് സഭയുടെ അവസാന സമ്മേളനമാണെന്ന് കരുതുന്നു. അഴിമതി തുടച്ചുനീക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ആയിരം തവണയെങ്കിലും ആത്മാര്‍പ്പണം ചെയ്യാന്‍ തയ്യാറാണ്.” ബില്‍ അവതരിപ്പിക്കുന്നതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അശാസ്ത്രീയമായ ഗ്യാസ് വിലയെ തുടര്‍ന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ ലോക്പാല്‍ ബില്ലിനെതിരെ കോണ്‍ഗ്രസും ബി ജെ പിയും രഹസ്യ ധാരണയില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

നാടകീയമായ രംഗങ്ങളാണ് ഇന്നലെ ഡല്‍ഹി നിയമസഭയില്‍ അരങ്ങേറിയത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജുംഗിന്റെ നിര്‍ദേശം അവഗണിച്ച് ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനായിരുന്നു ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന്റെ ശ്രമം. ബി ജെ പിയും കോണ്‍ഗ്രസും ഇതിനെ ഒന്നിച്ചെതിര്‍ത്തു. ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശം സഭയില്‍ വായിക്കണമെന്നായിരുന്നു ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ശരിയായ മാര്‍ഗത്തിലൂടെ ബില്‍ അവതരിപ്പിക്കണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ച ശേഷം വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ സഭയില്‍ വായിച്ചു. നിര്‍ദേശം വോട്ടിനിടണമെന്ന് ബി ജെ പി നേതാവ് ഹര്‍ഷവര്‍ധനും കോണ്‍ഗ്രസ് നേതാവ് അര്‍വീന്ദര്‍ സിംഗും ആവശ്യപ്പെട്ടു.
ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശം ഗൗനിക്കാതെ സഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നുമുള്ള വാദമുയര്‍ത്തിയാണ് പ്രതിപക്ഷം നിര്‍ദേശം വോട്ടിനിടണമെന്ന് ആവശ്യപ്പെട്ടത്. സഭയിലുണ്ടായ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന ഭരണപക്ഷത്തിന്റെ ആവശ്യം പ്രതിപക്ഷം തള്ളുകയായിരുന്നു.

---- facebook comment plugin here -----

Latest