വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; വിമുക്തഭടന്‍ പിടിയില്‍

Posted on: February 15, 2014 12:15 am | Last updated: February 15, 2014 at 12:28 am

മണ്ണഞ്ചേരി (ആലപ്പുഴ): വിദേശത്ത് ജോലി വാഗ്ദാനം നല്‍കി നാല്‍പ്പതോളം പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ വിമുക്തഭടന്‍ പിടിയിലായി. ആലപ്പുഴ മുനിസിപ്പല്‍ കറുകയില്‍ വാര്‍ഡില്‍ നന്ദനം വീട്ടില്‍ ജയരാജ്(49) ആണ് പിടിയിലായത്.
പണം നഷ്ടപ്പെട്ട യുവാക്കള്‍ ഇയാളെ പിടികൂടി മണ്ണഞ്ചേരി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നൈജീരിയയിലെ ജെ കെ കാര്‍പെറ്റ്‌സ് എന്ന പ്ലൈവുഡ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്താണ് ആലപ്പുഴ, കായംകുളം ഭാഗത്തെ യുവാക്കളില്‍നിന്ന് 20,000 രൂപ മുതല്‍ 45,000 രൂപ വരെ ജയരാജ് വാങ്ങിയത്.
വളവനാട് സ്വകാര്യ കമ്പനിയില്‍ സ്റ്റോര്‍ ഓഫീസറായി ജോലി ചെയ്തുവരുന്ന ഇയാള്‍ സഹപ്രവര്‍ത്തകരായ തൊഴിലാളികളെയാണ് ആദ്യം പറഞ്ഞ് വിശ്വസിപ്പിച്ചത്. കമ്പനിയില്‍നിന്ന് പത്തോളം പേരില്‍ നിന്ന് പണം വാങ്ങിയശേഷം ഇവരുടെ പാസ്‌പോര്‍ട്ടും കൈവശമാക്കി. ആറ് മാസങ്ങള്‍ക്ക് മുമ്പേ യുവാക്കളില്‍നിന്ന് പണം വാങ്ങിയ ശേഷം ഈ മാസം 14, 15, 16, 17 തീയതികളിലായി യാത്ര പുറപ്പെടാന്‍ തയ്യാറാകണമെന്ന് പറഞ്ഞിരുന്നു.
ഉദ്യോഗാര്‍ഥികളെ എറണാകുളത്ത് കൊണ്ടുപോയി പ്രതിരോധ വാക്‌സിനും എടുപ്പിച്ചു. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന ആദ്യ സംഘത്തിലുള്ളവര്‍ക്ക് രാവിലെ ഒമ്പതിന് വിസ എത്തിക്കുമെന്നറിയിച്ചിരുന്നു. എന്നാല്‍ ഉച്ചയായിട്ടും വിസ ലഭിക്കാതെ വന്നതോടെ സംശയം തോന്നിയ യുവാക്കള്‍ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തീയതി മാറ്റിയെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ തട്ടിപ്പ് മനസ്സിലാക്കിയ യുവാക്കള്‍ റോഡ്മുക്കില്‍ ഒത്തുകൂടുകയും നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ ഹാജരാക്കിയ ഇയാള്‍ക്കെതിരെ മണ്ണഞ്ചേരി പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വിദേശ തൊഴില്‍ പ്രതീക്ഷിച്ച് ഓട്ടോ തൊഴിലാളികള്‍ അവരുടെ ഓട്ടോ വിറ്റാണ് പണം നല്‍കിയത്. അവര്‍ ഇപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ്.