Connect with us

Kerala

കോണ്‍ഗ്രസ്- സോഷ്യലിസ്റ്റ് ജനത തര്‍ക്കം പ്രതിസന്ധിയിലേക്ക്‌

Published

|

Last Updated

കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശ്രദ്ധേയ പോരാട്ടം നടക്കുന്ന വടകര സീറ്റിനെ ചൊല്ലിയുള്ള യു ഡി എഫിലെ തര്‍ക്കം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. എന്ത് വില കൊടുത്തും സീറ്റ് നിലനിര്‍ത്താല്‍ ജില്ലയിലെ കോണ്‍ഗ്രസും ശക്തി തെളിയിച്ച് സീറ്റ് നേടിയെടുക്കാന്‍ സോഷ്യലിസ്റ്റ് ജനതയും മുന്നണി ബന്ധങ്ങള്‍ മറന്നുള്ള പോരാട്ടത്തിന് തയ്യാറെടുപ്പ് തുടങ്ങി. ഇടത് മുന്നണിയോട് മത്സരിക്കുന്നതിന് മുമ്പ് സീറ്റ് ഉറപ്പിക്കുന്നതിനായി സോഷ്യലിസ്റ്റ് ജനതയും കോണ്‍ഗ്രസും തമ്മിലുള്ള ആദ്യ റൗണ്ട് പോരാട്ടമാണ് നടക്കുന്നത്. ഇരു വിഭാഗത്തിന്റെയും നേതാക്കന്‍മാര്‍ പരസ്പരം കുറ്റപ്പെടുത്തിയും ശക്തി കുറച്ച് കാണിച്ചുമുള്ള പ്രസ്താവനകള്‍ നിരന്തരം നടത്തുകയാണ്. സോഷ്യലിസ്റ്റ് ജനത യു ഡി എഫില്‍ എത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ തവണ വടകരയില്‍ യു ഡി എഫ് ജയിച്ചതെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ ഇതില്‍ ഒരു സത്യവുമില്ലെന്ന് നിരവധി ഉദാഹരണങ്ങള്‍ നിരത്തി കോണ്‍ഗ്രസ് പ്രതിരോധിക്കുന്നു.
സീറ്റ് നേടിയെടുക്കുന്നതിനായി യു ഡി എഫ് നേതൃത്വങ്ങളില്‍ സമ്മര്‍ദം ശക്തമാക്കുന്നതിനൊപ്പം ജില്ലയില്‍ രാഷ്ട്രീയ സന്ദേശ ജാഥകളും വടകരയില്‍ ബഹുജന മാര്‍ച്ചും സംഘടിപ്പിക്കാനാണ് സോഷ്യലിസ്റ്റ് ജനതയുടെ തീരുമാനം. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സന്ദേശ ജാഥ നാളെ മുക്കത്ത് മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം എന്ന രൂപത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഈ മാസം 21ന് വടകരയില്‍ നടക്കുന്ന സമാപന സമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് ഇവര്‍ നടത്തുന്നത്.
ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് സി പി എം ജയിക്കുകയും മുപ്പത് വര്‍ഷത്തിലേറെ എല്‍ ഡി എഫ് കൈവശം വെക്കുകയും ചെയ്ത മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് പിടിക്കാനായത് തങ്ങളുടെ വരവ് മൂലമാണെന്നാണ് സോഷ്യലിസ്റ്റ് ജനത അവകാശപ്പെടുന്നത്. കൂടാതെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയുടെ വടക്കന്‍ മേഖലകളില്‍ ചെറിയ അളവിലെങ്കിലും യു ഡി എഫ് നേട്ടമുണ്ടാക്കിയത് തങ്ങളുടെ ശക്തിയാലാണെന്നും അവകാശപ്പെടുന്നു. വടകരക്ക് വേണ്ടിയുള്ള സോഷ്യലിസ്റ്റ് ജനതയുടെ അവകാശവാദത്തെ കുറച്ചു കാണിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം മുന്നണി ബന്ധത്തെ ശിഥിലമാക്കുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പ്രതികരിച്ചു.
എന്നാല്‍ സോഷ്യലിസ്റ്റ് ജനതക്ക് ജില്ലയില്‍ വലിയ സ്വാധീനമില്ലെന്നും മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വമാണ് സീറ്റ് നേടിയെടുക്കാന്‍ കഴിഞ്ഞ തവണ തുണയായതെന്നും കോണ്‍ഗ്രസ് പറയുന്നു. സോഷ്യലിസ്റ്റ് ജനത മുന്നണിയില്‍ എത്തിയതിനാലാണ് വടകര സീറ്റ് ലഭിച്ചതെങ്കില്‍, തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര പാര്‍ലിമെന്റ് മണ്ഡലത്തിലെ ജില്ലയിലെ അഞ്ച് സീറ്റിലും എങ്ങനെ യു ഡി എഫ് തോറ്റുവെന്നും ഇവര്‍ ചോദിക്കുന്നു. മുല്ലപ്പള്ളി ജയിച്ചപ്പോള്‍ മാത്രം വടകര നിയമസഭാ മണ്ഡലത്തില്‍ 25, 800 വോട്ടിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനതയിലെ പ്രേംനാഥ് തോല്‍ക്കുകയായിരുന്നു. വടകരയിലെ വിജയത്തില്‍ സോഷ്യലിസ്റ്റ് ജനതയേക്കാള്‍ വലിയ സഹായം ആര്‍ എം പിയുടെ ഭാഗത്ത് നിന്ന് ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഘടകക്ഷികള്‍ക്ക് അര്‍ഹിച്ചതില്‍ കൂടുതല്‍ ആനുകൂല്യം ജില്ലയില്‍ കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. 13 നിയമസഭാ മണ്ഡലങ്ങളില്‍ എട്ടും ഘടകക്ഷികള്‍ക്കാണ് നല്‍കുന്നത്. ജനതാദള്‍ പിളരുന്നതിന് മുമ്പ് എല്‍ ഡി എഫ് ഒരു സീറ്റാണ് ജില്ലയില്‍ നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയും എലത്തൂരും രണ്ട് സീറ്റുകള്‍ സോഷ്യലിസ്റ്റ് ജനതക്ക് യു ഡി എഫ് നല്‍കി. രാജീവ് ഗാന്ധിയുടെ കാലം മുതല്‍ എ ഐ സി സി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരും ഏറ്റെടുക്കാതിരുന്ന സീറ്റ് അദ്ദേഹം മത്സരിച്ച് കോണ്‍ഗ്രസിന് നേടിത്തരികയായിരുന്നു. ഒരു കാരണവുമില്ലാതെ മുല്ലപ്പള്ളിക്ക് സീറ്റ് നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. ജില്ലയിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുല്ലപ്പള്ളിക്ക് പിന്നിലുണ്ടെന്നും സിറാജിനോട് കെ പി സി സി സെക്രട്ടറി ജയന്ത് പ്രതികരിച്ചു. വടകരക്കായുള്ള അവകാശവാദത്തില്‍ ഇരു പാര്‍ട്ടികളും ഉറച്ചുനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മണ്ഡലത്തില്‍ യു ഡി എഫിന്റെ സാധ്യതയെ തന്നെ നഷ്ടപ്പെടുത്തുമെന്നും മറ്റ് യു ഡി എഫ് ഘടകക്ഷി നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

Latest