നിര്‍ഭയ പദ്ധതി ഉദ്ഘാടനം ഇന്ന്

Posted on: February 15, 2014 6:00 am | Last updated: February 15, 2014 at 12:18 am

കൊച്ചി: യു പി എ അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ‘നിര്‍ഭയ കേരളം സുരക്ഷിത കേരളം’ പദ്ധതിയുടെ നോഡല്‍ ഓഫീസറായി എ ഡി ജി പി. ആര്‍ ശ്രീലേഖ ഐ പി എസിനെ നിയമിച്ചു. സാമൂഹികക്ഷേമ വകുപ്പുമായി സഹകരിച്ച് ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്കായി പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ വളണ്ടിയര്‍മാരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്തുകളില്‍ പത്തും മുനിസിപ്പാലിറ്റികളില്‍ 30ഉം കോര്‍പ്പറേഷനുകളില്‍ 100ഉം നിര്‍ഭയ വളണ്ടിര്‍മാരാണുണ്ടാകുക. കുടുംബശ്രീ, ജനശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള വനിതകളെയായിരിക്കും വളണ്ടിയര്‍മാരായി തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന നിര്‍ഭയ വളണ്ടിയര്‍മാര്‍ ആ മേഖലയിലെ ഏല്ലാ വീടുകളുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും ആവശ്യമെങ്കില്‍ പോലീസ് സഹായവും ചികിത്സാ സഹായങ്ങളും ലഭ്യമാക്കും. വളണ്ടിയര്‍മാര്‍ക്ക് ഫോണ്‍ പോലുള്ള സംവിധാനങ്ങളും യൂനിഫോം, നെയിംപ്ലേറ്റ് എന്നിവയും നല്‍കും. വളണ്ടിയര്‍മാരായി തിരഞ്ഞെടുക്കുന്നവര്‍ ഈ പദവി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നോഡല്‍ ഓഫീസറുടെ കീഴില്‍ പ്രത്യേക സംവിധാനം രൂപപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതിക്കായി 70 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ മാറ്റിവെച്ച 7.5 കോടി രൂപ ഉപയോഗിച്ചാകും പദ്ധതി ആരംഭിക്കുക. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ വേദിയില്‍ സോണിയാ ഗാന്ധി നിര്‍വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.