അംബാനിക്കു വേണ്ടി കോണ്‍ഗ്രസും ബി ജെ പിയും കൈകോര്‍ത്തു: കെജ്‌രിവാള്‍

Posted on: February 14, 2014 9:45 pm | Last updated: February 14, 2014 at 10:05 pm

kejriwal at aap hq

ന്യൂഡല്‍ഹി: മുകേഷ് അംബാനിക്കെതിരെ കേസെടുത്തതാണ് ലോക്പാല്‍ ബില്ലിനെതിരെ ബി ജെ പിയെയും കോണ്‍ഗ്രസിനെയും ഒന്നാക്കിയതെന്ന് രാജിവെച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. രാജിവെച്ച ശേഷം എ എ പി ആസ്ഥാനത്ത് അണികളോട് സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. കെജ്‌രിവാളിന്റെ പ്രസംഗത്തിന്റെ ചുരുക്ക രൂപം.

‘നമ്മള്‍ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പിന്തുണ ലഭിക്കാനല്ല അധികാരത്തിലേറിയത്. നമ്മുടെ ഏറ്റവും വലിയ വാഗ്ദാനം അഴിമതിക്കെതിരെയുള്ള ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കുക എന്നതായിരുന്നു. തെരെഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നമ്മെ സമീപിച്ച് അഴിമതിക്കെതിരെ പോരാടാന്‍ പിന്തുണ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ ഇന്ന് ലോക്പാല്‍ ബില്‍ അവതരണം പോലും കോണ്‍ഗ്രസ് എതിര്‍ത്തു. അതിന് അവര്‍ ബി ജെ പിയുമായി കൈകോര്‍ത്തു. അണിയറയില്‍ എന്നും അവര്‍ ഒന്നിച്ചായിരുന്നു. ഇന്ന് അവരുടെ തനിനിറം പുറത്തു വന്നു. കഴിഞ്ഞ ഒരു വര്‍ഷമായി നരേന്ദ്ര മോഡിക്കുപിന്നില്‍ അംബാനിയാണ്. തന്റെ പ്രചാരണത്തിനായി ഇത്രയും പണം മോഡിക്ക് എവിടെ നിന്ന് കിട്ടുന്നു. അംബാനിയെ പേടിച്ചുകൊണ്ട് ഭരിക്കുന്നത് നാണക്കേടാണ്. മൊയ്‌ലിക്കും അംബാനിക്കും എതിരെ നീങ്ങാന്‍ മാത്രമേ നമുക്ക് കഴിഞ്ഞിട്ടുള്ളൂ. ലോക്പാല്‍ ബില്‍ പാസ്സായാല്‍ അവരില്‍ പലരും അകത്താവും. നമ്മള്‍ രാജിവെക്കുകയാണ്. അധികാരത്തിനല്ല ഞാന്‍ ഇവിടെ വന്നത്. ഡല്‍ഹിയിലെ നിലവിലുള്ള മന്ത്രിസഭ പിരിച്ചുവിട്ട് പുതിയ തെരെഞ്ഞെടുപ്പ് നടത്താന്‍ ഞാന്‍ ആവശ്യപ്പെടുന്നു. ഇത് ലഫ്റ്റനന്റ് ഗവര്‍ണറെ നേരില്‍ക്കണ്ട് ആവശ്യപ്പെടും. മന്ത്രിസഭയുടെ തീരുമാനമാണിത്. അധികാരത്തിലേറിയ അന്നുമുതല്‍ രാവും പകലുമില്ലാതെ മന്ത്രി സഭ നാടിന്നുവേണ്ടി പണിയെടുക്കുകയാണ്. ഞങ്ങള്‍ മനുഷ്യരാണ്. എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. എങ്ങനെ ഭരിക്കണമെന്ന് തങ്ങള്‍ക്ക് അറിയില്ല എന്നാണ് അവര്‍ പറയുന്നത്. അഞ്ച് വര്‍ഷം അവര്‍ അധികാരത്തിലിരുന്നിട്ട് കുറക്കാത്ത വൈദ്യുതി നിരക്ക് അഞ്ച് ദിവസം കൊണ്ട് തങ്ങള്‍ കുറച്ചു. കേന്ദ്ര സര്‍ക്കാര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെപ്പോലെയും ലഫ്റ്റനന്റ് ഗവര്‍ണര്‍ അവരുടെ വൈസ്രോയിയെപ്പോലെയുമാണ് പെരുമാറുന്നത്.’

ആരവത്തോടെയാണ് പാര്‍ട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയ എ എ പി പ്രവര്‍ത്തകര്‍ കെജ്‌രിവാളിന്റെ പ്രസംഗത്തെ ശ്രവിച്ചത്.