ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിനെത്തില്‍ ധോണി എത്തിയില്ല

Posted on: February 14, 2014 8:58 am | Last updated: February 14, 2014 at 8:58 am

dhoniവെല്ലിംഗ്ടണ്‍: ഐ പി എല്‍ ഒത്തുകളിയില്‍ പങ്കുണ്ടെന്ന സൂചന വന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ന്യൂസിലാന്‍ഡില്‍ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് മുങ്ങി. രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ധോണിക്ക് പകരമെത്തിയത് ഓപണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനാണ്.
മത്സരത്തെ കുറിച്ചല്ലാതെ മറ്റൊരു ചോദ്യത്തിനും മറുപടിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തിനിരുന്നത്. ഐ പി എല്‍ വിവാദം ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുമോ എന്ന ചോദ്യത്തോട് ധവാന്‍ പ്രതികരിച്ചില്ല. പെട്ടെന്ന് തന്നെ മാധ്യമകൂടിക്കാഴ്ച അവസാനിപ്പിച്ച് ധവാന്‍ മടങ്ങി.
സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്‌ന എന്നിവര്‍ ഗുരുനാഥ് മെയ്യപ്പനൊപ്പം ചേര്‍ന്ന് വാതുവെപ്പില്‍ പങ്കെടുത്തതായി സൂചനയുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ വിവാദത്തില്‍ വരാനിരിക്കുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളാണെന്ന സൂചനയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നാട്ടിലെത്തുന്ന ധോണിയെ കാത്തിരിക്കുന്നത് ശുഭകരമായ കാര്യങ്ങളാകില്ലെന്ന് ഉറപ്പിക്കാം.
ഫോം നഷ്ടപ്പെട്ടിട്ടും സുരേഷ് റെയ്‌നയെ ധോണി സംരക്ഷിക്കുന്നതിനെ ചൊല്ലി അടക്കം പറച്ചിലുണ്ടായിരുന്നു. ഏകദിന ടീമില്‍ നിന്ന് റെയ്‌നയെ ഒഴിവാക്കി ധോണി സംശയാലുക്കളുടെ വായടപ്പിച്ചെങ്കിലും ജസ്റ്റിസ് മുകുള്‍ മുദ്ഗലിന്റെ റിപ്പോര്‍ട്ടില്‍ ധോണിയും റെയ്‌നയും ക്ലീന്‍ ബൗള്‍ഡാകുമെന്ന സൂചനയുണ്ട്.

രണ്ടാം റാങ്ക് നിലനിര്‍ത്താന്‍ ഇന്ത്യ
വിദേശ മണ്ണില്‍ ജയിക്കാനറിയാത്തവര്‍ എന്ന നാണക്കേട് മാറ്റുക അത്ര എളുപ്പമല്ല മഹേന്ദ്ര സിംഗ് ധോണിക്കും സംഘത്തിനും. അടുത്ത വര്‍ഷം ലോകകപ്പ് നടക്കുന്ന ന്യൂസിലാന്‍ഡില്‍ തകര്‍ന്നടിഞ്ഞു പോയതിന്റെ നിരാശയെ മറികടക്കുകയും എളുപ്പമല്ല. ഏകദിന പരമ്പരക്ക് പിറകെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരവും തോറ്റു. ഇന്ന് രണ്ടാമത്തെ, പരമ്പരയിലെ അവസാനത്തെ ടെസ്റ്റ് തുടങ്ങുന്നു. പതിവിന് വിപരീതമായി ഇന്ത്യന്‍ ഭാഗത്ത് നിന്ന് ഗീര്‍വാണങ്ങളൊന്നുമില്ല. പൊരുതി നോക്കാം എന്ന ലൈനിലാണ്. ജയിച്ചാല്‍ ജയിച്ചു. തോല്‍വി പരമാവധി ഒഴിവാക്കാനുള്ള കഠിനയത്‌നമുണ്ടാകുമെന്ന് ഉറപ്പിക്കാം. ടെസ്റ്റ് റാങ്കിംഗിലെ രണ്ടാം സ്ഥാനം ആടിയുലയുകയാണ്. തോറ്റാല്‍, വൈകാതെ ആ സ്ഥാനത്ത് ആസ്‌ത്രേലിയ കയറിയിരിക്കും. ഓക്‌ലന്‍ഡില്‍ നാല്‍പത് റണ്‍സിനായിരുന്നു ഇന്ത്യ ടെസ്റ്റ് കൈവിട്ടത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ദ്രാവിഡ്, ലക്ഷ്മണ്‍, ഗാംഗുലി, വിരേന്ദ്ര സെവാഗ് എന്നീ സീനിയര്‍ താരങ്ങളുടെ ഒഴിവ് നികത്താന്‍ പോന്ന പ്രകടനം യുവതാരങ്ങളില്‍ നിന്ന് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരതയില്ലാത്ത പ്രകടനം ഇന്ത്യയെ ബാധിക്കുന്നു. ഓക്‌ലന്‍ഡ് ടെസ്റ്റില്‍ അഞ്ഞൂറിലേറെ റണ്‍സാണ് ലീഡ് വഴങ്ങിയത്. അതേ സമയം, രണ്ടാം ഇന്നിംഗ്‌സില്‍ കിവീസിനെ 105ന് പുറത്താക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. ഈ പ്രകടനം ഒന്നാമിന്നിംഗ്‌സില്‍ കാഴ്ചവെച്ചിരുന്നെങ്കില്‍ ടെസ്റ്റ് ഫലം മറ്റൊന്നായേനെ. പ്രതിഭാദാരിദ്ര്യമല്ല, വേണ്ട സമയത്ത് ഫോമിലേക്കുയരാന്‍ സാധിക്കാത്തതാണ് ബൗളര്‍മാര്‍ നേരിടുന്ന വെല്ലുവിളി.
ബാറ്റിംഗില്‍ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ചേതേശ്വര്‍ പുജാരയും വിരാട് കോഹ്‌ലിയും തയ്യാറാണ്. മറ്റുള്ളവരുടെ നില ദയനീയം. ഓപണര്‍മാര്‍ ഒരേ സമയം ഫോമിലെത്തുന്ന നാളുകള്‍ക്കായി ഇന്ത്യ കാത്തിരിക്കുകയാണ്. ബൗളിംഗ് ആള്‍ റൗണ്ടറായി മികവ് കാണിക്കുന്ന രവീന്ദ്ര ജഡേജ ബാറ്റിംഗിലും പ്രതീക്ഷ നല്‍കുന്നു. സ്‌പെഷ്യലിസ്റ്റ്‌സ്പിന്നര്‍ അശ്വിനാകട്ടെ മോശം ഫോമിനെ തുടര്‍ന്ന് ടീമിലിടമില്ലാതെ കാഴ്ചക്കാരനാകുന്നു. മാച്ച് വിന്നറായ അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയെന്ന വിശേഷണത്തോടെ ടീമിലെത്തിയ അശ്വിന് ഏകദിനത്തിലെന്ന പോലെ ടെസ്റ്റിലും മോശം കാലമാണ്. പേസ് നിരയില്‍ മുഹമ്മദ് ഷമി പ്രതീക്ഷയാണ്. ഇഷാന്ത് ശര്‍മ വിമര്‍ശകരുടെ വായടപ്പിച്ചെങ്കിലും മാച്ച് വിന്നിംഗ് പ്രകടനം കാഴ്ചവെക്കുന്നില്ല. വെറ്ററന്‍ പേസര്‍ സഹീര്‍ഖാന്‍ ഗതകാലപ്രൗഢിയുടെ അടുത്തെങ്ങുമില്ല.
പരമ്പര തൂത്തുവാരുവാന്‍ ഒരുങ്ങിത്തന്നെയാണ് കിവീസ്. ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ രണ്ടാം കുഞ്ഞിന്റെ ജനനം പ്രതീക്ഷിച്ച് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. പകരം ഇരുപത്തൊന്നുകാരന്‍ ടോം ലാഥം കന്നിടെസ്റ്റിന് ഇറങ്ങും.ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകാനിടയില്ല.

ഇന്ത്യ: മുരളി വിജയ്, ശിഖര്‍ധവാന്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, എം എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, സഹീര്‍ഖാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ.
ന്യൂസിലാന്‍ഡ്: പീറ്റര്‍ഫുള്‍ട്ടന്‍, ഹാമിഷ് റുഥര്‍ഫോഡ്, കാന്‍ വില്യംസണ്‍, ടോം ലാഥം, ബ്രെന്‍ഡന്‍ മെക്കല്ലം (ക്യാപ്റ്റന്‍), കോറി ആന്‍ഡേഴ്‌സന്‍, ജിമ്മി നീഷാം, വാട്‌ലിംഗ് (വിക്കറ്റ് കീപ്പര്‍), ടിം സൗത്തി, നീല്‍ വാഗ്നര്‍, ട്രെന്റ് ബൗള്‍ട്ട്.