വലിയപറമ്പയിലെ പാണ്ട്യാലക്കടവില്‍ മൂന്നാമത്തെ പാലം കൂടി നിര്‍മിക്കും

Posted on: February 14, 2014 12:51 am | Last updated: February 13, 2014 at 10:53 pm

തൃക്കരിപ്പൂര്‍: വലിയപറമ്പ പഞ്ചായത്തില്‍ മറ്റൊരു റോഡ്പാലം കൂടി നിര്‍മിക്കും. പതിനെട്ടര കോടി രൂപ ചെലവില്‍ ദ്വീപിന്റെ തെക്കേയറ്റത്തുള്ള പാണ്ട്യാല കടവില്‍നിന്നും രാമന്തളി പഞ്ചായത്തിലെ രണ്ടു തെങ്ങിലേക്കുള്ള വലിയപറമ്പ പാലത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിംഗ് മുഖാന്തിരം നബാര്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
ഏകദേശം 400 മീറ്റര്‍ ദൈര്‍ഘ്യമാണ് പാലത്തിനു ഉണ്ടാവുക. പദ്ധതിക്കുള്ള ഭരണാനുമതി ലഭിച്ചാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ശിലാസ്ഥാപനമടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് അറിയുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ പഞ്ചായത്തിലെ മൂന്നാമത്തെ പാലമായിരിക്കും ഇത്.
അറബിക്കടലിനും കവ്വായിക്കായലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശവാസികളുടെ യാത്രാ ദുരിതം കാരണം നാട്ടുകാര്‍ സഹകരിച്ച് ഇവിടെ ഒരു നടപ്പാലം ഉണ്ടാക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പുഴയില്‍ ഏതാനും മരത്തൂണുകള്‍ സ്ഥാപിച്ചുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പിന്നീട് ഇവിടെ ഒരു കോണ്‍ക്രീറ്റ് നടപ്പാലം പണിയാനായി ഏഴരക്കോടി രൂപ അനുവദിച്ചെങ്കിലും അതും പ്രാവര്‍ത്തികമായില്ല. തുടര്‍ന്നാണ് റോഡ്പാലം എന്ന ആവശ്യം ഉയര്‍ന്നത്. പഞ്ചായത്തിന്റെ വടക്കെ അറ്റത്തെ മാവിലാകടപ്പുറത്തേക്കുള്ള ഒരിയര പാലം, ഏകദേശം മധ്യത്തിലുള്ള വലിയപറമ്പയിലേക്കുള്ള ഇടയിലക്കാടില്‍ നിന്നുള്ള പാലം എന്നീ രണ്ടു പാലങ്ങളാണ് 24 കിലോമീറ്ററോളം നീളത്തില്‍ സ്ഥിതിചെയ്യുന്ന ദീപുനിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള നിലവിലെ റോഡ് മാര്‍ഗങ്ങള്‍.