Connect with us

Malappuram

നിഷ്പക്ഷ അന്വേഷണം വേണമെന്ന് സഹോദരന്‍

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി രാധയുടെ കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ പോലീസ് നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് രാധയുടെ സഹോദരന്‍ ഭാസ്‌കരന്‍ ആവശ്യപ്പെട്ടു. സഹോദരിയെ കാണാതായ ദിവസംതന്നെ പോലീസില്‍ വിവരം അറിയിച്ചിട്ടും മൃതദേഹം കണ്ടെത്തുംവരെ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല. കേസിന്റെ തുടക്കം മുതല്‍ തന്നെ കേസ് ഫയല്‍ ധൃതിയില്‍ മടക്കാനുള്ള വ്യഗ്രതയാണ് പോലീസ് കാണിക്കുന്നതെന്നും ഭാസ്‌കരന്‍ ആരോപിച്ചു. രാധയെ കാണാതായ അഞ്ചാം തീയതി ഉച്ചക്ക് തന്നെ കോണ്‍ഗ്രസ് ഓഫീസിലെത്തി ബിജുവിനോട് ചോദിച്ചപ്പോള്‍ അങ്ങാടിപ്പുറത്ത് അമ്പലത്തില്‍ പോയതാകാമെന്ന മറുപടിയാണ് നല്‍കിയത്. വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് ഏഴ് മണിയോടെ വീണ്ടും കോണ്‍ഗ്രസ് ഓഫീസിലെത്തിയപ്പോള്‍ അടുത്ത ദിവസം രാവിലെ പരാതി നല്‍കാമെന്നു പറഞ്ഞു. തുടര്‍ന്ന് അന്നുതന്നെ എസ് ഐയുെട വീട്ടില്‍ ബിജുവുമൊത്ത് പോയി വാക്കാല്‍ പരാതി പറയുകയും ചെയ്തു. ആറാം തീയതി രാവിലെ വാര്‍ഡ് കൗണ്‍സിലര്‍ പടവെട്ടി ബാലകൃഷ്ണനോടൊത്ത് പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ ബിജു അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. പോലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കാനാവില്ലെന്നും കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് രണ്ട് പേര്‍ക്ക് മാത്രമായി മൃതദേഹം കോണിയിലൂടെ പുറത്ത് കടത്താനാവില്ലെന്നും കൂടുതല്‍ പേരുെട സഹായം കൊലക്ക് പിന്നിലുണ്ടായിട്ടുണ്ടെന്നും ഭാസ്‌കരന്‍ ആരോപിച്ചു.