കേരള സര്‍വകലാശാലാ വി സി നിയമനം: 17ന് വീണ്ടും യോഗം

Posted on: February 12, 2014 11:39 pm | Last updated: February 14, 2014 at 12:24 am

തിരുവനന്തപുരം: കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയുടെ അടുത്ത യോഗം ഈ മാസം 17ന് നടക്കും. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകളെ സംബന്ധിച്ച അന്തിമ തീരുമാനം ഈ യോഗത്തിലുണ്ടാകും. വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനായി പുതുതായി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്നും ഇന്നലെ ചേര്‍ന്ന മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന യോഗത്തില്‍ യു ജി സി പ്രതിനിധിയായ ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ദിനേശ് സിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു.
കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍, കെ നാരായണന്‍നായര്‍ എന്നിവരും യോഗത്തിനെത്തിയിരുന്നു. ചൊവ്വാഴ്ച ചേരാനിരുന്ന യോഗം, ദിനേശ് സിംഗിന് ഓണ്‍ലൈനിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. സെനറ്റ് പ്രതിനിധിയുടെ നിയമനവുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങള്‍ നീങ്ങിയ ശേഷവും വൈസ് ചാന്‍സലറുടെ നിയമനം വൈകുന്നതില്‍ പ്രോ. വൈസ് ചാന്‍സലറെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു. ഡോ. എ ജയകൃഷ്ണന്റെ കാലാവധി അവസാനിച്ചശേഷം, കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്.