വിദേശത്തെത്തുന്ന മലയാളി വനിതകള്‍ ഏഴ് ശതമാനം

Posted on: February 12, 2014 6:05 am | Last updated: February 12, 2014 at 3:07 pm

കണ്ണൂര്‍: തൊഴില്‍തേടി വിദേശത്തെത്തുന്ന മലയാളി വനിതകളുടെ എണ്ണം കുറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി വിദേശരാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ ഏഴ് ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് ഇതുസംബന്ധിച്ചുള്ള ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. തൊഴില്‍ മേഖലകളിലും വിദ്യാഭ്യാസരംഗങ്ങളിലും മലയാളി വനിതകളുടെ മികച്ച പ്രകടനവും മേധാവിത്വവും വിവിധ പഠന ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിലാണ് ഉയര്‍ന്ന തൊഴിലുകള്‍ തേടി വിദേശത്തെത്തുന്ന മലയാളി വനിതകളുടെ കുറവ് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുള്ളത്. വനിതാ പ്രവാസി മലയാളി പ്രാതിനിധ്യത്തില്‍ ഇടുക്കിയും കോട്ടയവുമാണ് മുന്നിലെന്നും പ്രവാസി മലയാളി സെന്‍സസ് ചൂണ്ടിക്കാട്ടുന്നു.
പ്രവാസി വനിതകളില്‍ 59 ശതമാനവും നഴ്‌സുമാരാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇവരില്‍ 20 ശതമാനം പേര്‍ സഊദി അറേബ്യയിലും 13 ശതമാനം പേര്‍ യു കെയിലും ജോലി ചെയ്യുന്നതായാണ് കണക്കുകള്‍. കോട്ടയത്തു നിന്നും ഇടുക്കിയില്‍ നിന്നും 33 ശതമാനം വനിതകള്‍ വിദേശത്ത് ജോലി ചെയ്യുമ്പോള്‍ മറ്റ് ജില്ലകളില്‍ നിന്നുള്ളവരുടെ കണക്കുകള്‍ 20 ശതമാനത്തില്‍ താഴെയാണ്. കോട്ടയത്തു നിന്നും വിദേശത്തുപോയ വനിതകളില്‍ പകുതിയോളം പേരും നഴ്‌സിംഗ് മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലകളിലൊന്നായ കാസര്‍കോട്ട് നിന്ന് വിദേശത്ത് ജോലി ചെയ്യാന്‍ പോകുന്ന വനിതകള്‍ ഒരു ശതമാനം മാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫിലെ പ്രവാസി അധ്യാപകരില്‍ 46 ശതമാനം പേര്‍ വനിതകളാണ്.
പ്രവാസി മലയാളികളില്‍ വനിതാ പ്രാതിനിധ്യം കൂടുതലുള്ള രാജ്യം ന്യൂസിലാന്‍ഡാണ് (37 ശതമാനം). യു കെയില്‍ ഇത് 34 ശതമാനമാണ്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലപ്പുറം ജില്ലയില്‍ നിന്ന് തൊഴില്‍ തേടി വിദേശത്തേക്ക് പോയത് 1751 വനിതകള്‍ മാത്രമാണ്. എന്നാല്‍ ഇവിടെ നിന്നുള്ള 2,76,645 പുരുഷന്മാര്‍ വിദേശത്ത് തൊഴിലെടുക്കുന്നതായി പ്രവാസി സെന്‍സസില്‍ ചൂണ്ടിക്കാട്ടുന്നു. കോട്ടയത്ത് നിന്ന് 22, 585 വനിതകളും 48,714 പുരുഷന്മാരുമാണ് വിദേശരാജ്യങ്ങളില്‍ തൊഴിലെടുക്കുന്നത്. കാസര്‍കോട്-1240, കണ്ണൂര്‍-4419, വയനാട്-1332, കോഴിക്കോട്-3413 എന്നിങ്ങനെയാണ് പ്രവാസി മലയാളി വനിതകളുടെ എണ്ണം.