വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ കേരള പീപ്പിള്‍സ് ഫ്രണ്ട്

Posted on: February 12, 2014 6:00 am | Last updated: February 12, 2014 at 2:40 pm

VELLAPPALLI NADESANആലപ്പുഴ: എസ് എന്‍ ഡി പി യോഗത്തിന്റെ നേതൃത്വത്തില്‍ 21 പിന്നാക്ക സമുദായ സംഘടനകള്‍ ചേര്‍ന്നു കേരള പീപ്പിള്‍സ് ഫ്രണ്ട് എന്ന സംഘടന രൂപവത്കരിച്ചതായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. സംഘടന ഒരു മുന്നണിയുടെയും ഭാഗമല്ല. രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരണം അജന്‍ഡയിലില്ലെന്നും എന്നാല്‍ പിന്നീട് അതുണ്ടാകില്ലെന്നു പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പീപ്പിള്‍സ് ഫ്രണ്ട് ജില്ലാ കമ്മിറ്റികള്‍ ഉടന്‍ നിലവില്‍ വരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് ബേങ്ക് ആയി പ്രവര്‍ത്തിക്കാനാണു തീരുമാനം.
പിന്നാക്ക സമുദായങ്ങളെ സംരക്ഷിക്കുന്നതിനുള്ള അജന്‍ഡ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നവരെ തിരഞ്ഞെടുപ്പില്‍ പിന്തുണക്കും. പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹിക്കുന്ന നീതി നല്‍കാത്തവര്‍ക്കു വോട്ട് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന് തീരുമാനിച്ചിട്ടില്ല. സമുദായങ്ങളെ തമ്മില്‍ തല്ലിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ ദേവസ്വം ബില്‍ പാസാക്കിയിരിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
സ്വകാര്യ മേഖലയിലെ സംവരണം, രണ്ടാം ഭൂപരിഷ്‌കരണ നിയമം തുടങ്ങിയ ആവശ്യങ്ങള്‍ പീപ്പിള്‍സ് ഫ്രണ്ട് മുന്നോട്ടുവെക്കും. വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റ് ആയെങ്കിലും കോണ്‍ഗ്രസില്‍ പ്രസിഡന്റ് എന്നത് അവസാന വാക്കല്ലെന്നും കമ്യൂണിസ്റ്റു പാര്‍ട്ടി സെക്രട്ടറിയുടെ അധികാരം കെ പി സി സി പ്രസിഡന്റിന് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പിന്നാക്ക സമുദായക്കാരനെ കെ പി സി സി പ്രസിഡന്റായി നിയോഗിച്ചതില്‍ യോഗം സന്തോഷം രേഖപ്പെടുത്തിയതായും വെള്ളാപ്പള്ളി പറഞ്ഞു.