സമരങ്ങളെ കളിയാക്കുന്ന കോമാളിത്തങ്ങള്‍

Posted on: February 12, 2014 6:00 am | Last updated: February 12, 2014 at 2:33 pm

protestലോകത്തെ ഏറ്റവും ഉത്കൃഷ്ടമായ ഭരണ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്നത് ജനാധിപത്യത്തെയാണ്. പക്ഷേ, പ്രാതിനിധ്യ ജനാധിപത്യത്തിന് അസംഖ്യം പരിമിതികള്‍ ഉണ്ടെന്ന് അതിനെ അന്ധമായി ന്യായീകരിക്കുന്നവര്‍ പോലും സമ്മതിക്കും. സ്വയം നിര്‍ണയത്തിനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള ഉപാധി സാര്‍വത്രിക വോട്ടവകാശമാണ്. പക്ഷേ വോട്ട് നല്‍കിക്കഴിയുന്നതോടെ പൗരന്റെ രാഷ്ട്രീയ പ്രയോഗം അസ്തമിക്കുന്നു. ഭരണം കൈയാളാന്‍ നിയോഗിക്കപ്പെട്ടവര്‍ ജനഹിതം മറന്ന് പെരുമാറുന്നതോടെ ജനാധിപത്യം ഏകാധിപത്യത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ കൈവരിക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെയോ സഖ്യത്തിന്റെയോ ഏകാധിപത്യം. തിരിച്ചു വിളിക്കല്‍ പ്രയോഗത്തിലില്ലാത്ത ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്ത് നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കും വരെ ഈ അധികാര പ്രയോഗം സഹിക്കാന്‍ പൗരന്‍മാര്‍ നിര്‍ബന്ധിതരാണ്. ഇവിടെയാണ് ജനകീയ സമരങ്ങള്‍ അനിവാര്യമാകുന്നത്.
തിരുത്തല്‍ പ്രക്രിയയിലേക്ക് ഭരണകൂടത്തെ നയിക്കുന്നത് പ്രക്ഷോഭങ്ങള്‍ മാത്രമാണ്. പൗരന്‍മാരുടെ രാഷ്ട്രീയ പങ്കാളിത്തത്തിന്റെ സുപ്രധാനമായ ഉപാധിയാണ് സമരങ്ങള്‍. സമരങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍ മാത്രമല്ല പരോക്ഷമായ പങ്കാളികളും അരാഷ്ട്രീയത്തിന്റെ നിരുത്തരവാദിത്വത്തില്‍ നിന്ന് കുതറി മാറി പൗരനെന്ന ഉത്തരവാദിത്വത്തിലേക്ക് ഉണരുകയാണ് ചെയ്യുന്നത്. അത് സൃഷ്ടിക്കുന്ന അവബോധങ്ങള്‍ ദീര്‍ഘകാലം രാഷ്ട്രീയ മണ്ഡലത്തെ ശുദ്ധീകരിച്ചു കൊണ്ടിരിക്കും. സാമൂഹിക മാറ്റങ്ങളുടെ ചാലക ശക്തിയാകുന്നതും സമരങ്ങള്‍ സൃഷ്ടിക്കുന്ന സംഘബോധമാണ്. സാമൂഹിക സമരങ്ങളേക്കാള്‍ പ്രത്യക്ഷവും വ്യാപകവും രാഷ്ട്രീയ സമരങ്ങളാണെന്നതിനാല്‍ അവക്ക് സംഭവിക്കുന്ന വേഷപ്പകര്‍ച്ചകള്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ നിര്‍ണായകമാണ്.
ഈയിടെ രാജ്യത്തും സംസ്ഥാനത്തും അരങ്ങേറിയ സമരങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ചില അരുതാത്ത പ്രവണതകള്‍ തെളിഞ്ഞ് വരുന്നത് കാണാനാകും. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ അടക്കമുള്ള പ്രക്ഷോഭങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഒക്കുപ്പൈ വാള്‍സ്ട്രീറ്റ്, തഹ്‌രീര്‍ പ്രക്ഷോഭങ്ങളുടെ മാതൃകയില്‍ തലസ്ഥാനത്ത് അരങ്ങേറിയ സമരം അവസാനിച്ചത് അതില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കോ പരോക്ഷമായി പിന്തുണച്ചവര്‍ക്കോ പോലും ബോധ്യപ്പെടാത്ത കാരണങ്ങളുടെയും നേട്ടങ്ങളുടെയും പിന്‍ബലത്തിലായിരുന്നു. പരാജയപ്പെട്ട സമരമായിരുന്നില്ല അത്. വിജയിച്ച സമരവുമായിരുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ ബന്ദിയാക്കുന്നത് ശരിയല്ലെന്ന വിശാല ജനാധിപത്യ മര്യാദയാണ് ആ സമരത്തിന്റെ പതനത്തിന്റെ അടിസ്ഥാന കാരണമെങ്കില്‍ അത് മാതൃകാപരമാണ്. പക്ഷേ എവിടെയും അത്തരമൊരു വ്യാഖ്യാനം കേട്ടതേയില്ല. ക്ലിഫ് ഹൗസ് ഉപരോധവും സമരമെന്ന ജനകീയ പ്രതീക്ഷയെ ക്രൂരമായി അപഹസിക്കുന്നതിലാണ് കലാശിച്ചത്. സോളാര്‍ വിഷയത്തിലെ ജുഡീഷ്യല്‍ അന്വേഷണം എവിടെയെത്തിയെന്ന് ഇന്ന് ആരും അന്വേഷിക്കുന്നില്ല. ഇടതു- വലതു തുരങ്ക സൗഹൃദമെന്ന ഗുരുതരാവസ്ഥ മാത്രമാണ് ഇന്ന് അന്തരീക്ഷത്തിലുള്ളത്. പാചക വാതക വിലവര്‍ധനവും സിലിന്‍ഡര്‍ വിതരണത്തിലെ പ്രശ്‌നങ്ങളും ഉയര്‍ത്തി സി പി എം നടത്തിയ നിരാഹാര സമരം അതുയര്‍ത്തിയ മുദ്രാവാക്യം കൊണ്ട് തന്നെ ജനകീയമായിരുന്നു. പക്ഷേ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളില്‍ മുഴുകാന്‍ വേണ്ടി, ഒട്ടും അനുയോജ്യമല്ലാത്ത സമയത്ത് പാതി വഴിക്ക് ഉപേക്ഷിച്ചുവെന്ന പഴിക്ക് ഈ സമരവും വഴിവെക്കുകയായിരുന്നു.
അനധികൃത മണല്‍ ഖനനത്തിനെതിരെ സ്വന്തം നാട്ടില്‍ നിന്ന് ആരംഭിക്കുകയും ഡല്‍ഹിയിലെ തണുത്ത തെരുവിലേക്ക് നീളുകയും ചെയ്ത ജസീറയുടെ സമരം അതിന്റെ വൈചിത്ര്യങ്ങളുടെ പേരില്‍ അപഹാസ്യമായിത്തീര്‍ന്നു. കൊച്ചൗസേപ്പ് ചിറ്റലപ്പളളിയുടെ വസതിക്ക് മുന്നിലേക്കും ഇപ്പോള്‍ തിരവനന്തപുരത്തേക്കും നീണ്ട ഈ സമരത്തിന്റെയും ഒടുവില്‍ കക്ഷി രാഷ്ട്രീയത്തിന്റെ ഹ്രസ്വ കാല ലക്ഷ്യങ്ങള്‍ ആരോപിക്കപ്പെട്ടു. ടി പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ സി ബി ഐ അന്വേഷണം ആവസ്യപ്പെട്ട് അദ്ദേഹത്തിന്റെ വിധവ തലസ്ഥാനത്ത് നടത്തിയ നിരാഹാര സമരം ജനശ്രദ്ധയാകര്‍ഷിച്ചത് തീര്‍ച്ചയായും അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരിലായിരുന്നു. കക്ഷി രാഷ്ട്രീയ ദൗത്യം നിര്‍വഹിച്ചുവെന്നത് മാത്രമാണ് ആ സമരത്തിന്റെയും നേട്ടം. ഭരണ കക്ഷിയിലെ പ്രമുഖരാരും സി ബി ഐ അന്വേഷണത്തിന് തത്വത്തില്‍ എതിരായിരുന്നില്ല. അതിനുളള സാങ്കേതിക തടസ്സങ്ങള്‍ നീക്കേണ്ടത് സമരം ചെയ്തായിരുന്നില്ല. ടി പി വധത്തില്‍ സമൂഹ മനഃസാക്ഷിയുണര്‍ത്തുകയെന്ന ലക്ഷ്യത്തിന് പോലും ആ സമരം അനിവാര്യമായിരുന്നില്ല. കാരണം ആ വിധവയോട് കേരളത്തിന്റെ മനഃസാക്ഷി അവര്‍ സമരമിരിക്കുന്നതിന് മുമ്പ് തന്നെ ആവശ്യത്തിലധികം ഐക്യദാര്‍ഢ്യപ്പെട്ടിരുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചും പശ്ചിമ ഘട്ട സംരക്ഷണം സംബന്ധിച്ചും കേന്ദ്ര സര്‍ക്കാര്‍ കോടതിയിലും മറ്റും നിലപാടെടുക്കുമ്പോഴെല്ലാം നടക്കുന്ന ബന്ദുകള്‍ എത്രമാത്രം ജനകീയ ദൗത്യം നിര്‍വഹിക്കുന്നുണ്ട്? മിന്നല്‍ പണിമുടക്കുകള്‍ എത്രമാത്രം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്? സമരമെന്ന ആയുധത്തിന്റെ പ്രയോഗത്തെ പരിമിതപ്പെടുത്തുകയും സമരരഹിത സമൂഹമെന്ന അരാഷ്ട്രീയ സമീപനത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇത്തരം സമരരൂപങ്ങള്‍ ചെയ്യുന്നത്. തികച്ചും ഇടുങ്ങിയ കക്ഷിരാഷ്ട്രീയ താത്പര്യങ്ങളില്‍ നിന്ന് സമരങ്ങളെ മോചിപ്പിക്കേണ്ടിയിരിക്കുന്നു. അത് വിശാലമായ രാഷ്ട്രീയ തിരുത്തലുകളും ആത്മാര്‍ഥതയും ഉള്‍ക്കൊള്ളുന്നവയാകണം. അങ്ങനെ ഉയര്‍ന്നു വരുന്ന സമരങ്ങളില്‍ നിന്ന് സ്വാഭാവികമായി ആര്‍ജിക്കുന്ന രാഷ്ട്രീയ സ്വാധീനമേ നിലനില്‍ക്കൂവെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയണം. അതിന് വെറെ എങ്ങോട്ടും നോക്കേണ്ടതില്ല. അവയുടെ ചരിത്രം തന്നെ പഠിച്ചാല്‍ മതി.