റയല്‍ മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പ് ഫൈനലില്‍

Posted on: February 12, 2014 9:20 am | Last updated: February 12, 2014 at 11:23 pm

real

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പിന്റെ ഫൈനലില്‍ കടന്നു. സെമി ഫൈനലിന്റെ ഇരുപാദങ്ങളിലുമായി ശക്തരായ അത്‌ലറ്റികോ മാഡ്രിഡിനെയാണ് റയല്‍ തോല്‍പ്പിച്ചത്. ഇരുപാദങ്ങളിലുമായി എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് റയല്‍ അത്‌ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.

ആദ്യ സെമി ഫൈനലിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ റയല്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ടാം പാദ മല്‍സരത്തില്‍ റയലിന്റെ രണ്ട് ഗോളുകളും നേടിയത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്.

ഇതോടെ സ്പാനിഷ് കപ്പ് ഫൈനലില്‍ റയലും ബാഴ്‌സയും നേര്‍ക്കു നേര്‍ വരാനുള്ള സാധ്യത തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ബാഴ്‌സക്ക് ഇന്ന് നടക്കുന്ന രണ്ടാം പാദ സെമി ഫൈനലില്‍ റയല്‍ സോസിഡാസിനെതിരെ സമനില നേടിയാല്‍ കിംഗ്‌സ് കപ്പിന്റെ ഫൈനലില്‍ കടക്കാം. ആദ്യ പാദ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സലോണ വിജയിച്ചിരുന്നു.