Connect with us

Gulf

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യക്ക് പരാജയം

Published

|

Last Updated

അബുദാബി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. ശൈഖ് സായിദ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ശ്രീലങ്കയോട് അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45.5 ഓവറില്‍ 209 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് ബോളുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.
സ്‌കോര്‍: ഇന്ത്യ-45.5 ഓവറില്‍ 209 റണ്‍സിന് എല്ലാവരും പുറത്ത്. ശ്രീലങ്ക: 48.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 212.
39 റണ്‍സ് നേടിയ ഡി.ജെ.ഹൂഡയാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്്. എസ് എസ് അയ്യര്‍(31), എ എ ഹെര്‍വാഡ്കര്‍(29), ക്യാപ്റ്റന്‍ വി.എച്ച്.സോള്‍(25), എ കെ ബെയിന്‍സ്(24), എ എ ഗനി(18) എന്നിവര്‍ രണ്ടക്കം കണ്ടു. വൈസ് ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണ് 10 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ശ്രീലങ്കയുടെ എസ് സമരവിക്രമ(82)യും പി എ ആര്‍ പി പെരേര(50)യും അര്‍ധ സെഞ്ച്വറി നേടി ടീമിനെ വിജയത്തിലേയ്ക്ക് നയിച്ചു. എച്ച് ദുമിന്ദു(48), ജെ എസ് ലക്ഷന്‍(17) എന്നിവരും മികച്ചുനിന്നു.
ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് 10 ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നും എസ് എന്‍ ഖാന്‍ 10 ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി ബി ഫെര്‍ണാണ്ടോ നാലും എസ് എ എന്‍ ജെ ഫെര്‍ണാണ്ടോ, എ എച്ച് രാജപക്‌ഷെ എന്നിവര്‍ രണ്ട് വീതവും എച്ച് രാമനായകെ ഒരു വിക്കറ്റുമെടുത്തു.
കപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ആസ്‌ത്രേലിയ സന്നാഹ മത്സരത്തില്‍ സിംബാബ്‌വെയോട് പരാജയപ്പെട്ടു.