മലയാളി കുട്ടികള്‍ക്ക് പരിശീലനത്തിന് കളമൊരുങ്ങുന്നു

Posted on: February 11, 2014 7:50 pm | Last updated: February 11, 2014 at 7:27 pm

imageദുബൈ: ഗള്‍ഫ് മേഖലയിലെ മികവുറ്റ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ അഹ്‌ലിയില്‍ മലയാളി കുട്ടികള്‍ക്ക് പരിശീലനത്തിന് കളമൊരുങ്ങുന്നു. അറബ് മേഖലയില്‍ ഫുട്‌ബോള്‍ വളര്‍ത്തിയെടുക്കുന്നതിലും മികവുറ്റ താരങ്ങളെ കണ്ടെത്തി പ്രത്സാഹിപ്പിക്കുന്നതിലും കഴിഞ്ഞ 44 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ക്ലബ്ബാണ് അല്‍ അഹ്‌ലി.

മൈതാനങ്ങളുടെയും മികച്ച ഭൗതിക സൗകര്യങ്ങളുടെയും അഭാവത്തില്‍ കേരളത്തില്‍ ഫുട്‌ബോള്‍ കാണാക്കാഴ്ചയായി മാറുന്ന ഇക്കാലത്ത് അല്‍ അഹ്‌ലിയുമായി കൈകോര്‍ക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെപ്റ്റി(സ്‌പോട്‌സ് ആന്‍ഡ് എജ്യുക്കേഷന്‍ പ്രൊമോഷന്‍ ട്രസ്റ്റ്)ന് കീഴില്‍ പരിശീലനം നേടുന്ന ഇന്ത്യന്‍ ജൂനിയര്‍ താരങ്ങള്‍ക്ക് മികച്ച അവസരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അല്‍ അഹ്‌ലി സ്‌പോടിംഗ്് ക്ലബ്ബിന്റെ മീഡിയ സെന്ററില്‍ ഇന്നലെയായിരുന്നു ഇരുവിഭാഗവും ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. ഇരുവിഭാഗത്തിനും ഏറെ ഗുണംചെയ്യുന്നതാണ് നടപടിയെന്ന് അല്‍ അഹ്‌ലി ക്ലബ്ബ് സി ഇ ഒ അഹമ്മദ് ഖല്‍ഫാന്‍ ഹാമിദ് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭാവിയില്‍ നേരിട്ടേക്കാവുന്ന വെല്ലുവിളികളെ വിജയകരമായി നേരിടാന്‍ ഇരുവിഭാഗത്തിനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഞങ്ങള്‍ വിശ്വസിക്കുന്നത് വാക്കുകളിലല്ല, പ്രവര്‍ത്തിയിലാണ്. അല്‍ അഹ്‌ലി ക്ലബ്ബിന് കീഴില്‍ രാജ്യാന്തര നിലവാരമുള്ള ഭൗതിക സൗകര്യങ്ങള്‍ സ്വരുക്കൂട്ടാനും കുട്ടികള്‍ക്ക് ലോകോത്തര നിലവാരമുള്ള പരിശീലനം നല്‍കാനും സാധിച്ചത് ഈ ചിന്താഗതിയിലൂടെയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അല്‍ അഹ്‌ലി ക്ലബ്ബുമായി ധാരണാപത്രം ഒപ്പിടാന്‍ സാധിച്ചത് സെപ്റ്റിലെ കുട്ടികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും ഭൗതിക സാഹചര്യങ്ങളും ലഭ്യമാവാന്‍ സഹായകമാവുമെന്ന് സെപ്റ്റ് രക്ഷാധികാരി അഡ്വ. ആഷിക് അഭിപ്രായപ്പെട്ടു. 2004ലാണ് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ നേതൃത്വത്തില്‍ സെപ്റ്റിന് രൂപംനല്‍കിയത്.
തെക്കേ ഇന്ത്യയിലെ 51 സെന്ററുകളിലൂടെ ഇതുവരെ എട്ടിനും 14നും ഇടയില്‍ പ്രായമുള്ള 1,900 കുട്ടികള്‍ക്ക് പരിശീലനം നല്‍കാനായതായി സെപ്റ്റ് യു എ ഇ ജനറല്‍ കണ്‍വീനര്‍ സി കെ പി ഷാനവാസ് വ്യക്തമാക്കി. കേരളത്തിലെ 14 ജില്ലകളില്‍ 13ലും സെപ്റ്റിന് പരിശീലന കേന്ദ്രങ്ങളുണ്ട്. ഫുട്‌ബോള്‍ രംഗത്ത് വളരാന്‍ ഭൗതിക സാഹചര്യങ്ങള്‍ തടസം നില്‍ക്കുന്ന പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാനാണ് സെപ്റ്റ് പരിശ്രമിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഗ്രാമപ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍, ഗോത്രവര്‍ഗ മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെ പരിശീലനത്തിനായി കണ്ടെത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ഭക്ഷണവും വസ്ത്രവും താമസവും വിദ്യഭ്യാസവും ഫുട്‌ബോള്‍ പരിശീലനത്തിനൊപ്പം ആവശ്യാനുസരണം നല്‍കുന്ന രീതിയാണ് സെപ്റ്റ് പിന്തുടരുന്നത്.
2017ല്‍ ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടര്‍ 17 ലോകകപ്പ് ആവുമ്പോഴേക്കും ലോക ഫുട്‌ബോളിന് ഇന്ത്യയില്‍ നിന്നും മികച്ച താരങ്ങളെ സംഭാവന ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ഷാനവാസ് പറഞ്ഞു.