നിലമ്പൂര്‍ കൊലപാതകം: കൊല്ലപ്പെട്ട സ്ത്രീ ബലാത്സംഗത്തിനിരയായി

Posted on: February 11, 2014 9:57 am | Last updated: February 12, 2014 at 6:59 am

nilambur murder radha convict bijuമലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സ്ത്രീ ക്രൂരമായ ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്ത്രീ മാനഭംഗത്തിനിരയായതിന്റെ സൂചനകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ലഭിച്ചു എന്നും പോലീസ് വെളിപ്പെടുത്തി. മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ പ്രതികളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ തെളിവെടുക്കാന്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിക്കും. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം ബിജു നായര്‍ (38), സുഹൃത്ത് ശംസുദ്ദീന്‍ (29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്. കോണ്‍ഗ്രസ് ഓഫീസില്‍ വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത് എന്ന് നേരത്തെ പ്രതികള്‍ സമ്മതിച്ചിരുന്നു.

അതേസമയം കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നും ഇപ്പോള്‍ പിടിയിലായ പ്രതികള്‍ ആര്‍ക്കോ വേണ്ടി കുറ്റമേറ്റതാണെന്നും സഹോദരന്‍ ഭാസ്‌കരന്‍ പറഞ്ഞു.

കൊലക്കുപിന്നില്‍ പ്രമാണികളുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കോണ്‍ഗ്രസിന്റെ ഓഫീസിനകത്തുവെച്ചാണ് ഇക്കാര്യം ചെയ്തത്. ഇത് ഗൗരവമുള്ള വിഷയമാണ്. കേസ് പോലീസ് തുടക്കത്തില്‍ കൈകാര്യം ചെയ്ത രീതി സംശയാസ്പദമാണ് എന്നും പിണറായി പറഞ്ഞു.

അതിനിടെ ഏതന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. പ്രതികളെ സംരക്ഷിക്കില്ല. ബിജു നായരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പിരിച്ചുവിട്ടു. പിണറായി വിജയന്‍ പറയുന്നതിന് മറുപടിയില്ലെന്നും പിണറായിക്ക് എന്തും പറയാമെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.