Connect with us

Editorial

യുദ്ധദുരിതം പേറുന്ന കുരുന്നുകള്‍

Published

|

Last Updated

അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന് ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തുന്നു. 561 കുട്ടികള്‍ പോയ വര്‍ഷം കൊല്ലപ്പെട്ടു. 1,195 പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനില്‍ വധിക്കപ്പെടുന്ന സിവിലിയന്മാരുടെ 34 ശതമാനം വരുമിത്. സിറിയയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇതിനേക്കാള്‍ ഭയാനകമാണ്. മൂന്ന് വര്‍ഷത്തോളമായി തുടരുന്ന രാജ്യത്തെ ആഭ്യന്തര കലാപത്തില്‍ പതിനായിരത്തില്‍ പരം കുരുന്നുകള്‍ കൊല്ലപ്പെട്ടുവെന്നാണ് യു എന്നിന്റെ വെളിപ്പെടുത്തല്‍. സര്‍ക്കാരും വിമതരും കുട്ടികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും വ്യാപകമായി ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കുന്നതായും സ്വിറ്റ്‌സര്‍ലന്‍ഡിലെ സമാധാന സമ്മേളനത്തില്‍ യു എന്‍ സുരക്ഷാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധത്തില്‍ മനുഷ്യകവചമായി കുട്ടികളെ ഉപയോഗപ്പെടുത്തുക, വൈദ്യുതാഘാതമേല്‍പ്പിക്കുക, നഖങ്ങള്‍ പറിച്ചെടുക്കുക, ഇരുമ്പ് കമ്പികള്‍കൊണ്ട് അടിക്കുക തുടങ്ങിയ ക്രൂരതകളാണ് സൈന്യവും പ്രക്ഷോഭകരും നടത്തുന്നതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. “സേവ് ദി ചില്‍ഡ്രന്റെ” കണക്കുകളനുസരിച്ച് 20 ലക്ഷം കുട്ടികള്‍ സിറിയയില്‍ രക്ഷയില്ലാതെ വലയുകയാണ്. അവര്‍ക്കു നല്ല ഭക്ഷണമില്ല, മരുന്നില്ല, വസ്ത്രങ്ങളില്ല, പഠിക്കാന്‍ സൗകര്യങ്ങളില്ല.
ഫലസ്തീനിലെ ചിത്രവും വ്യത്യസ്തമല്ല. ഇസ്‌റാഈല്‍ സര്‍ക്കാരും സൈന്യവും ഫലസ്തീന്‍ കുരുന്നുകളോട് കാണിക്കുന്ന അതിക്രമങ്ങള്‍ ക്രൂരമാണെന്നാണ് “യൂനിസെഫ്” റിപോര്‍ട്ട്. തടവിലാക്കപ്പെടുന്ന ഫലസ്തീന്‍ കുട്ടികളോട് ഇസ്‌റാഈല്‍ പോലീസും സൈന്യളവും മനുഷ്യോചിതമല്ലാത്ത രീതിയിലാണ് പെരുമാറുന്നത്. നിഷ്ഠൂരമായ ശാരീരിക പീഡനത്തിന് കുട്ടികള്‍ ഇരയാക്കപ്പെടുന്നു. ഇസ്‌റാഈല്‍ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ നിന്ന് വര്‍ഷം പ്രതി 12 നും 17 നും മധ്യേ പ്രായമുള്ള എഴുനൂറോളം കുട്ടികളെയാണ് അറസ്റ്റു ചെയ്യുന്നത്.
ശ്രീലങ്കയിലും മ്യാന്‍മാറിലും സംഭവിച്ചതും സമാനമാണ്. ശ്രീലങ്കയില്‍ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി എല്‍ ടി ടി ഇ ആയുധം പിടിപ്പിക്കുകയായിരുന്നു. മ്യാന്മറില്‍ വിമത സൈന്യമായിരുന്ന കരെന്‍ ആര്‍മിയുടെ 5000 പേരടങ്ങുന്ന സൈന്യത്തില്‍ 900 പേരും 13നും 15നും ഇടക്കുള്ള കുട്ടികളായിരുന്നു. മൊസാംബിക്കിലെ റെനമോ സൈന്യത്തില്‍ ബലമായി ചേര്‍ത്തത് ആറ് വയസ്സ് തൊട്ടുള്ള 10,000 കുട്ടികളെയാണ്. എത്യോപ്യയില്‍ കലാപകാരികള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും സ്‌കൂളുകളില്‍നിന്നും വീടുകളില്‍നിന്നുമൊക്കെ കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രണ്ട് ലക്ഷം കുഞ്ഞുങ്ങളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. യുദ്ധത്തില്‍ ബലമായി പങ്കെടുപ്പിച്ചത് 2,50,000 കുട്ടികളെയാണ്.
കളിച്ചും ചിരിച്ചും വളര്‍ന്നു, സ്‌കൂള്‍ പഠനത്തിലൂടെ ഉന്നതങ്ങളിലെത്തേണ്ട കുരുന്നുകളും ബാല്യങ്ങളുമാണ് ഈവിധം പീഡിക്കപ്പെടുന്നത്. യുദ്ധത്തിലെ പങ്കാളിത്തവും പീഡനങ്ങളും അവരുടെ മാനസിക നില അവതാളത്തിലാക്കുന്നു. ജീവിതമെന്നാല്‍ മരണവും കൊലയുമാണെന്ന് ധരിച്ചുവശാകുന്ന അവരെ ക്രമേണ കടുത്ത വിഷാദവും അനാഥത്വവും ബാധിക്കുകയും ഏതു ക്രൂരതയും ചെയ്യാനുള്ള മാനസിക നിലയിലെത്തുകയും ചെയ്യുന്നു. ലൈംഗിക അരാജകത്വവും മയക്കുമരുന്നുപയോഗവുമൊക്കെ സ്വഭാവത്തിന്റെ ഭാഗമായി മാറും.
കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ചു ഐക്യരാഷ്ട്ര സഭ 1989 നവംബര്‍ 20ന് ഒരു പൊതു നിയമസംഹിത അംഗീകരിച്ചിട്ടുണ്ട്. പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അല്ലലും ദുരിതങ്ങളുമറിയാതുള്ള ജീവതം, ഉയര്‍ന്ന ആരോഗ്യം, പോഷണം, മതിയായ ജീവിതനിലവാരം, നല്ല അന്തരീക്ഷം, കുടുംബത്തിന്റെ കൂടെ ജീവിതം തുടങ്ങിയ അവകാശങ്ങള്‍ ഇത് ഉറപ്പ് നല്‍കുന്നുണ്ട്. ക്രൂരതകളില്‍ നിന്നും ചൂഷണങ്ങളില്‍നിന്നും അവഗണനയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഈ നിയമങ്ങള്‍ പക്ഷേ എവിടെയും പാലിക്കപ്പെടുന്നില്ല. നിയമങ്ങള്‍ ആവിഷ്‌കരിച്ചതു കൊണ്ടായില്ല, അവ പാലിക്കപ്പെടുന്നുവെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഉടമ്പടി ലംഘിക്കപ്പെടുന്നില്ലെന്നും ഉറപ്പ് വരുത്തേണ്ട ബാധ്യതയും യു എന്നിനുണ്ട്. ചെയ്യാത്ത കുറ്റങ്ങള്‍ ആരോപിച്ചു ഇറാഖിനെയും അഫ്ഗാനിസ്ഥാനെയും തകര്‍ക്കാന്‍ അമേരിക്കക്കു കൂട്ടു നിന്ന യു എന്‍ ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന ഉദാസീനത അധിക്ഷേപാര്‍ഹമാണ്.

Latest