പ്രതിരോധ വാക്‌സിന്‍ ഉത്പാദനം സ്വകാര്യ മേഖല കൈയടക്കുന്നു

Posted on: February 10, 2014 6:00 am | Last updated: February 10, 2014 at 3:35 pm

polio vaccineന്യൂഡല്‍ഹി: പൊതുമേഖലയിലുള്ള വാക്‌സിന്‍ നിര്‍മാണ യൂനിറ്റുകളെ മറികടന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഒത്താശയോടെ രാജ്യത്തെ വാക്‌സിനുകളുടെ ഉത്പാദനം പൂര്‍ണമായും സ്വകാര്യ മേഖല കൈയടക്കുന്നു. 2012 മുതല്‍ 14 വരെ കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയ 728 കോടി രൂപയുടെ വാക്‌സിനുകളില്‍ പൊതുമേഖലയില്‍ നിന്നുള്ള പങ്ക് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ്.
ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. കെ വി ബാബുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് സ്വകാര്യ മേഖലയെ സഹായിക്കാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കങ്ങള്‍ പുറത്തുവരുന്നത്. പൊതുമേഖലയെ അവഗണിച്ച് സ്വകാര്യ മേഖലയെ ആശ്രയിച്ചതിലൂടെ രാജ്യത്ത് ഡി പി ടി, ടി ടി വാക്‌സിനുകളുടെ വിലയില്‍ 350 ശതമാനത്തിലധികം വര്‍ധന അനുഭവപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ അവഗണനയെ തുടര്‍ന്ന് നേരത്തെ അടച്ചുപൂട്ടിയ പൊതുമേഖലാ വാക്‌സിന്‍ യൂനിറ്റുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം തുറന്നിരുന്നു. എന്നാല്‍, ഇതിനുശേഷം നാല് വര്‍ഷം പിന്നിട്ടിട്ടും വാക്‌സിന്‍ ഉത്പാദനത്തിലെ കുത്തക ഇപ്പോഴും സ്വകാര്യ കമ്പനികളുടെ കൈകളില്‍ തന്നെയാണ്.
2012 മുതല്‍ 2014 വരെയുള്ള കാലയളവില്‍ രാജ്യം സംഭരിച്ച 727 കോടി രൂപയുടെ വാക്‌സിനുകളില്‍ 33 കോടിയുടെ വാക്‌സിന്‍ മാത്രമാണ് പൊതുമേഖലയില്‍ ഉത്പാദിപ്പിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുകാരണം ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള ഡി പി ടി, ടി ടി വാക്‌സിനുകളുടെ വിലയില്‍ 200- 350 ഇരട്ടിയോളം വര്‍ധനയാണ് അനുഭവപ്പെട്ടത്. ഇതിനിടെ പൊതുമേഖലയിലെ കമ്പനികള്‍ക്ക് 2.67 കോടി ബി സി ജി വാക്‌സിനുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ബി സി ജിയുടെ വിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ അനാസ്ഥ കാരണം കസോളിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നേരത്തെ നിര്‍മിച്ചിരുന്ന പാമ്പ് വിഷത്തെ പ്രതിരോധിക്കാനുള്ള സിറത്തിനും ലഭ്യതക്കുറവ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം പൊതുമേഖലയില്‍ ഉത്പാദിപ്പിച്ചിരുന്ന യെല്ലോ ഫീവര്‍ വാക്‌സിനും ഇപ്പോള്‍ ലഭിക്കണമെങ്കില്‍ വന്‍ വില നല്‍കേണ്ട അവസ്ഥയാണുള്ളത്.