നൂറുല്‍ ഉലമ: കാലഘട്ടത്തെ അഭിമുഖീകരിച്ച പണ്ഡിതന്‍

Posted on: February 10, 2014 3:18 pm | Last updated: February 10, 2014 at 3:18 pm

ma usthad 2എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എഴുത്തിലേക്ക് ശ്രദ്ധയൂന്നിത്തുടങ്ങിയ കാലം ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സാമൂഹികശാസ്ത്രപരമായി സവിശേഷവും ചരിത്രപരമായി നിര്‍ണായകവുമായ ഘട്ടം കൂടിയായിരുന്നു. കൊളോണിയലിസം മുന്നോട്ട് വെച്ച പൗരസ്ത്യരെ ‘പരിഷ്‌കരിച്ചെടുക്കാനുള്ള’ ദൗത്യത്തിന്റെ ചുവട് പിടിച്ച് മതത്തിനകത്ത് നിന്ന് ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങള്‍ ഒരു സമുദായം എന്ന നിലയില്‍ മുസ്‌ലിംകളുടെ കെട്ടുറപ്പിനെതിരെ ഉയര്‍ത്തിയ ഭീഷണികള്‍ ഒരു ഭാഗത്ത്. വിഭജനവും തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയ (അ)സന്ദിഗ്ധതകളും പൗരന്മാരെന്ന നിലയില്‍ മുസ്‌ലിംകളുടെ ദൈനംദിന സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ ചെലുത്തിയ സമ്മര്‍ദങ്ങളും വെല്ലുവിളികളും മറു ഭാഗത്ത്. ഇങ്ങനെ ഒരേസമയം രണ്ട് ചോദ്യങ്ങളെ മുസ്‌ലിം പൊതുജനത്തിന് നേരിടേണ്ടിവന്നു.
വിഭജനം ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ മാത്രം സ്വാധീനിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്ത പ്രതിഭാസമായാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. വിഭജനത്തെക്കുറിച്ച് നടന്ന പഠനങ്ങള്‍ മിക്കവയും ഇങ്ങനെയൊരു നിലപാടാണ് അവതരിപ്പിക്കുന്നത്. ഈ വിലയിരുത്തല്‍ ചരിത്രപരമായി എത്രമാത്രം വസ്തുതാപരമാണ് എന്നതിനെക്കുറിച്ച് പുനഃപരിശോധനകള്‍ ഉണ്ടാകേണ്ടതുണ്ട്. ഉത്തരേന്ത്യയിലേക്കും ദക്ഷിണേന്ത്യയിലേക്കുമുള്ള ഇസ്‌ലാമിന്റെ കടന്നുവരവും വ്യാപനവും വിവിധ കാലഘട്ടങ്ങളില്‍ മുസ്‌ലിം സമൂഹങ്ങളും ഭരണകൂടങ്ങളും ഈ രണ്ട് പ്രദേശങ്ങളിലും സ്വീകരിച്ച രൂപഭാവങ്ങളും വിഭജനം ഉണ്ടാക്കിയ പൊടുന്നനെയുള്ള ആഘാതത്തിന്റെ തോതിനെയും വ്യത്യസ്തമാക്കുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ, 1947 മുതല്‍ ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയ ഈ പ്രദേശത്തെ രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക ജീവിതത്തെ പൊതുവിലും മുസ്‌ലിം ജീവിതത്തെ പ്രത്യേകിച്ചും വിഭജനം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇങ്ങനെ പുനഃക്രമീകരിക്കപ്പെട്ട മുസ്‌ലിം സമൂഹങ്ങള്‍ക്ക് നേരിടേണ്ടി വന്ന മറ്റൊരാഘാതമായിരുന്നു മതപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സമുദായത്തിനുണ്ടാക്കിയ വിഭജനങ്ങള്‍. സഹോദര സമുദായങ്ങളിലെ മതപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ അവരവരുടെ സമുദായത്തെ ശാക്തീകരിക്കുകയും ധൈഷണികമായ ഉണര്‍വ് നല്‍കുകയും ചെയ്തപ്പോള്‍ മുസ്‌ലിം സമുദായത്തിനകത്ത് നടന്ന പരിഷ്‌കരണ ശ്രമങ്ങള്‍ എങ്ങനെയാണ്/എന്തുകൊണ്ടാണ് മതത്തിന്റെ ആന്തരികമായ ഘടനാശക്തിയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതില്‍ കലാശിച്ചത്? ഈ ചോദ്യത്തെ അഭിമുഖീകരിക്കുന്നത് മുസ്‌ലിംകള്‍ക്കിടയില്‍ രൂപംകൊണ്ട മതനവീകരണ പ്രസ്ഥാനങ്ങളുടെയും ആശയങ്ങളുടെയും അടിത്തറയും പ്രചോദനവും എന്തായിരുന്നുവെന്നതിലേക്ക് ചില സൂചനകള്‍ നല്‍കാതിരിക്കില്ല. ഇങ്ങനെ കൊളോണിയലിസത്തിന്റെ ബാക്കിപത്രമെന്ന പോലെ രൂപം കൊണ്ട മതത്തിനകത്തെയും പുറത്തെയും വിഭജനങ്ങളെയും ആന്തരിക തകര്‍ച്ചകളെയുമാണ് 1940-50 കാലങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് പ്രധാനമായും നേരിടാനുണ്ടായിരുന്ന പ്രശ്‌നങ്ങള്‍.
ഒരേ സമയം ഈ രണ്ട് വെല്ലുവിളികളെയും നേരിടാന്‍ പ്രാപ്തരായ മുസ്‌ലിം നേതാക്കളുടെയും പ്രസ്ഥാനങ്ങളുടെയും അഭാവം മുഴച്ചുനിന്നിരുന്നു. അതേസമയം ഈ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ ശ്രമിച്ചവരാകട്ടെ, മതത്തെ അരുക്ക് നിര്‍ത്തിയാണ് മേല്‍ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചത്. മൗദൂദിയും മുസ്‌ലിം ലീഗും തന്നെ ഉദാഹരണം. ഖിലാഫത്തിന്റെ തകര്‍ച്ച, മുഗള്‍ ഭരണത്തിന്റെ തകര്‍ച്ച ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ടാക്കിയ പല വിധത്തിലുള്ള പ്രതിസന്ധികള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ മൗദൂദിയെ പോലുള്ളവര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ക്കും അധികാരത്തിനും പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് മതത്തെയും മതപരികല്‍പ്പനകളെയും പുനര്‍വായിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. മുസ്‌ലിം ലീഗാകട്ടെ, മതത്തെയും വിശ്വാസത്തെയും മാറ്റിനിര്‍ത്തി മുസ്‌ലിം പൗരപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാം എന്ന നിലപാടിലായിരുന്നു അവരുടെ രാഷ്ട്രീയ ഭൂമിക വളര്‍ത്തിയെടുത്തത്. അധികാരം കൂടാതെ മുസ്‌ലിംകള്‍ക്ക് ജീവിക്കാനാകില്ല എന്നതായിരുന്നൂ ഈ നിലപാടുകളുടെ കാതല്‍.
ഈ നിലപാടുകള്‍ ശരിയല്ലെന്നും അധികാരത്തിന് വേണ്ടി മതത്തിന്റെ മൗലിക തത്വങ്ങളെ ബലികൊടുക്കുന്ന നിലപാട് ആത്മഹത്യാപരമായിരിക്കുമെന്നും നിലപാടുള്ളവരായിരുന്നു ഭൂരിഭാഗം മതപണ്ഡിതരും. അധികാരം കൂടാതെയും മുസ്‌ലിംകള്‍ക്ക് ജീവിക്കന്‍ കഴിയുമെന്നും അതേസമയം, വിശ്വാസം കൂടാതെ മുസ്‌ലിംകള്‍ക്ക് നിലനില്‍ക്കാനാകില്ലെന്നും മതത്തിന്റെ പരിധിയില്‍ നിന്ന് അധികാരത്തെയും ഭരണകൂടത്തെയും പുനര്‍നിര്‍വചിക്കുകയാണ് വേണ്ടതെന്നും ഈ പണ്ഡിതന്മാര്‍ വാദിച്ചു. ഒരു തരം Devotional Politics. ദക്ഷിണേന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഈ വാദം ശക്തമായി ഉന്നയിച്ച പണ്ഡിത കൂട്ടായ്മയായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ഇങ്ങനെ വിശ്വാസത്തെ (ഈമാന്‍) അടിസ്ഥാനമാക്കി ഇന്ത്യയിലെ സവിശേഷമായ മുസ്‌ലിം ജീവിതത്തെ അഭിമുഖീകരിക്കാനാണ് എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരെ പോലുള്ള മുസ്‌ലിം ജൈവബുദ്ധിജീവികള്‍ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യകാല രചനകളിലധികവും ദൈനംദിന ജീവിതത്തില്‍ മുസ്‌ലിംകള്‍ പാലിക്കേണ്ട മര്യാദകളെയും മാനദണ്ഡങ്ങളെയും കുറിച്ചുള്ള വിശദീകരണങ്ങളും ഇസ്‌ലാമിനെ കുറിച്ചുള്ള മൗദൂദിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെയുള്ള വിമര്‍ശങ്ങളുമായതും അതുകൊണ്ടു തന്നെ യാദൃച്ഛികമല്ല.
(ഉടനെ പുറത്തിറങ്ങാനിരിക്കുന്ന എം എ ഉസ്താദിന്റെ സംയുക്ത കൃതികള്‍ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്ന്)