‘ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പ്രവാചക മാതൃക പിന്‍തുടരുക’

Posted on: February 9, 2014 8:03 pm | Last updated: February 9, 2014 at 8:03 pm

റാസല്‍ ഖൈമ: ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ശക്തമായ പ്രായോഗിക മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും പ്രവര്‍ത്തിച്ചു വിജയിപ്പിക്കാനും നബി(സ)ക്കല്ലാതെ മറ്റൊരാള്‍ക്കും സാധിച്ചിട്ടില്ലെന്ന് മര്‍കസ് ഇഹ്‌റാം ഡയറക്ടര്‍ ബി എം മുഹ്‌സിന്‍ പറഞ്ഞു. റാസല്‍ ഖൈമ ഐ സി എഫ്, ആര്‍ എസ് സി കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ലൈറ്റ് ഓഫ് മദീന’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള സാമ്പത്തിക മാന്ദ്യത്തിന് പ്രവാചകരുടെ സാമ്പത്തിക ശാസ്ത്രം പഠന വിധേയമാക്കണം. ലോകത്ത് 75 ലധികം രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിംഗ് നടപ്പാക്കിയതില്‍ 21 രാഷ്ട്രങ്ങള്‍ ഇസ്‌ലാമേതര രാഷ്ട്രങ്ങളാണ്. പ്രവാചകര്‍ (സ) സമര്‍പ്പിച്ച സാമ്പത്തിക ക്രമങ്ങള്‍ നടപ്പിലാക്കിയ ജര്‍മനി, സാമ്പത്തിക രംഗത്ത് എട്ട് വര്‍ഷം കൊണ്ട് കൈവരിച്ച അഭൂത പൂര്‍വമായ നേട്ടങ്ങളാണ്. മാന്ദ്യത്തിന് ശേഷം അമേരിക്കയുടെയും യൂറോപ്പ്യന്‍ യൂണിന്റെയും പ്രതിനിധികള്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്ന് മനസിലാക്കിയത് മാന്ദ്യത്തിന്റെ പ്രധാന കാരണം ഊഹക്കച്ചവടവും പലിശയുമാണെന്നാണ്. പ്രവാചകന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയതാണിവ. പ്രവാചകര്‍ക്കും ഇസ്‌ലാമിനെതിരെയും കള്ള പ്രചാരണങ്ങളും അപകീര്‍ത്തിപ്പെടുത്തലുകളും നടന്നിട്ടും ഫ്രാന്‍സിലും ഡെന്‍മാര്‍ക്കിലും അമേരിക്കയിലുമടക്കം ലോക രാജ്യങ്ങളില്‍ പ്രവാചക പ്രകീര്‍ത്തന സദസ്സുകളും പ്രവാചകരെക്കുറിച്ചുള്ള പഠനങ്ങളും അതു വഴി ഇസ്‌ലാമിലേക്കുള്ള കടന്ന് വരവും വര്‍ധിച്ചു വരികയാണ്-അദ്ദേഹം പറഞ്ഞു. അലി സഖാഫി അധ്യക്ഷത വഹിച്ചു.
മര്‍കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോളി സ്‌പോട്ട് ഡയറക്ടര്‍ ശാഹിദ് നിസാമി ഉദ്ഘാടനം ചെയ്തു. ഉള്ളാള്‍ തങ്ങളുടെ പേരില്‍ പ്രത്യേക പ്രാര്‍ഥനക്ക് ഉസ്മാന്‍ മുസ്‌ലിയാര്‍ വയനാട് നേതൃത്വം നല്‍കി.