കശുമാവുകള്‍ കരിഞ്ഞുണങ്ങുന്നു: കര്‍ഷകര്‍ ആശങ്കയില്‍

Posted on: February 8, 2014 8:30 am | Last updated: February 8, 2014 at 8:30 am

മാനന്തവാടി: കാപ്പി കരിഞ്ഞുണങ്ങുന്നതിന് തൊട്ട് പിന്നാലെ മാനന്തവാടി താലുക്കില്‍ അജ്ഞാത രോഗം ബാധിച്ച് കശുമാവുകളും കരിഞ്ഞുണങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലായി. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉദയഗിരിയിലാണ് വ്യാപകമായ രീതിയില്‍ കശുമാവുകള്‍ കരിഞ്ഞുണങ്ങിയത്. കാലവര്‍ഷം കഴിഞ്ഞ് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സാധാരണയായി കശുമാവുകള്‍ പൂക്കുന്നത്. എന്നാല്‍ ഇത്തവണ പ്രദേശത്തെ 20ഓളം ഏക്കര്‍ സ്ഥലത്താണ് കശുമാവുകള്‍ കരിഞ്ഞുണങ്ങി പൂര്‍ണമായും നശിച്ചത്. ബാക്കിയുള്ളവയിലും രോഗബാധ ആരംഭിച്ചിട്ടുണ്ട്.
കപ്പലുമാക്കല്‍ ഷാജി, ജോസ്, മുളംകുന്നേല്‍ ജോസഫ്, കറുത്തേടത്ത് തോമസ് എന്നിവരുടെ തോട്ടങ്ങളിലാണ് കശുമാവുകള്‍ കരിഞ്ഞുണങ്ങിയത്.
കഴിഞ്ഞ വര്‍ഷം കശുവണ്ടിക്ക് 45 മുതല്‍ 73 വരെ വില ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ കശുമാവുകള്‍ കരിഞ്ഞുണങ്ങുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായി കശുമാവ് കൃഷി ചെയ്തു വരുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്തരത്തില്‍ കശുമാവ് കരിഞ്ഞുണങ്ങുന്നതെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കര്‍ഷകര്‍ കൃഷി വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗങ്ങള്‍ സന്ദര്‍ശിക്കുവാനോ, കശുമാവിലെ കീടബാധയെ പറ്റി പഠിക്കാനോ അധികൃതര്‍ തയ്യറായിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഏക വരുമാന മാര്‍ഗ്ഗമായിരുന്ന കശുമാവുകള്‍ കരിഞ്ഞുണങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.