Connect with us

Wayanad

നികുതി വെട്ടിച്ച് ഇറച്ചിക്കോഴികളെ കൊണ്ടുവരുന്നത് തടയണമെന്ന്‌

Published

|

Last Updated

കല്‍പ്പറ്റ: കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും നികുതിവെട്ടിച്ച് ചെക്ക്‌പോസ്റ്റുകള്‍വഴി കേരളത്തിലേക്ക് ഇറച്ചികോഴികളെ കൊണ്ടുവരുന്നത് തടയണമെന്ന് പൗള്‍ട്രീ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മുത്തങ്ങ, താളൂര്‍ ചെക്ക്‌പോസ്റ്റുകള്‍ വഴി ദിവസവും ലോഡുകണക്കിന് കോഴികളാണ് ഇത്തരത്തില്‍ നികുതിവെട്ടിച്ച് കേരളത്തിലേക്ക് കടത്തുന്നത്. ഇതുവഴി സര്‍ക്കാരിന് ദിവസവും ലക്ഷക്കണക്കിന് രൂപയാണ് നികുതിയിനത്തില്‍ നഷ്ടമാകുന്നത്. ചെക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ അറിവോടെയും സഹകരണത്തോടെയുമാണ് വെട്ടുപ്പ് നടക്കുന്നത്. ഇരുമ്പുകൂടുകളില്‍ നിറച്ചാണ് കോഴികളെ ലോറിയില്‍ കയറ്റുന്നത്.
ഒരു പെട്ടിയില്‍തന്നെ 25 കിലോ കോഴിക്ക് ടാക്‌സ് വെട്ടിക്കുണ്ടെന്നും ഇവര്‍ ആരോപിച്ചു. ഇത്തരത്തില്‍ 120 പെട്ടികള്‍ അടുക്കിയാണ് ലോറിയില്‍ ലോഡ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഒരു ലോഡില്‍ തന്നെ 40000 രൂപക്ക് മുകളില്‍ നികുതിവെട്ടിപ്പ് നടത്തുന്നുണ്ട്.
ഇത്തരത്തില്‍ നികുതിവെട്ടിപ്പു നടത്തി കോഴികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനാല്‍ ഇവിടുത്തെ കോഴികര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്.
വയനാട്ടിലെ കോഴികള്‍ഷകരെയാണ് ഇത് കാര്യമായി ബാധിക്കുന്നത്.
വ്യാപാരികള്‍ക്ക് വിലക്കുറച്ച് കോഴി അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച് നല്കുന്നതിനാല്‍ വയനാട്ടില്‍ വളര്‍ത്തുന്ന കോഴികളെ എടുക്കാന്‍ വ്യാപാരികള്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ പറയുന്നു.
കുറഞ്ഞ വിലക്ക് നഷ്ടം സഹിച്ച് കോഴി വില്‍പ്പന നടത്താനും കഴിയാത്ത അവസ്ഥയിലാണ് കോഴികര്‍ഷകര്‍. അതിനാല്‍ നികുതിളവെട്ടിപ്പ് തടയുന്നതിനായി ചെക്ക്‌പോസ്റ്റുകളില്‍ വെയിറ്റ്ബ്രിഡ്ജ് സ്ഥാപിക്കണമെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ചെക്ക്‌പോസ്റ്റുകള്‍ ഉപരോധിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.കെ. വര്‍ഗ്ഗീസ്, സെക്രട്ടറി ലെസ്സി ഷാജു, വി.എം. സുനില്‍, സാബു ഓലിക്കുഴി എന്നിവര്‍ അറിയിച്ചു.

 

Latest