Connect with us

Kerala

മാവോയിസ്റ്റ് സംഘത്തിന്റെ യൂനിഫോം കണ്ടെത്തി

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടില്‍ നിന്ന് മാവോയിസ്റ്റ് സംഘത്തിന്റെ യൂനിഫോം കണ്ടെത്തി. പോലീസിനെ കണ്ടപ്പോള്‍ രക്ഷപ്പെടുന്നതിനിടയില്‍ മാവോയിസ്റ്റ് സംഘത്തില്‍ നിന്നും നഷ്ടപ്പെട്ട യൂനിഫോം അടങ്ങിയ ബാഗ് ആണ് പോലീസിന് ലഭിച്ചത്. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്നതിന്റെ ആദ്യത്തെ പ്രത്യക്ഷ തെളിവാണിത്.
വെള്ളമുണ്ട വനമേഖലയില്‍ ഉള്‍പ്പെട്ട കോമ്പാറ ആദിവാസികോളനിയില്‍ വെച്ച് പോലീസും മാവോയിസ്റ്റുകളും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയതോടെയാണ് നാടകീയമായ സംഭവങ്ങള്‍ക്ക് തുടക്കമായത്. ആയുധധാരികളായ മാവോയിസ്റ്റുകളെ കണ്ട പോലീസ് ആകാശത്തേക്ക് നിറയൊഴിച്ചു. ഓടി രക്ഷപ്പെടുന്നതിനിടയില്‍ മാവോയിസ്റ്റ് സംഘത്തില്‍ പെട്ട മലയാളിയായ രൂപേഷ് വീണു എന്നാണ് ആദിവാസികളുടെ മൊഴി. ഇതിനിടയില്‍ സംഘത്തില്‍ നിന്നും നഷ്ടപ്പെട്ട ബാഗില്‍ നിന്നാണ് യൂനിഫോം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലഭിച്ചത്.
മാവോയിസ്റ്റ് സംഘത്തിലെ വനിതകള്‍ ഉപയോഗിക്കുന്ന യൂനിഫോം ആണ് ലഭിച്ചത്. പേരാമ്പ്രയിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ കവറില്‍ പൊതിഞ്ഞ നിലയിലാണ് അരിയും ഭക്ഷണസാധനങ്ങളും പാത്രങ്ങളും യൂനിഫോമും ഉള്ളത്. ഐ ജി സുരേഷ് രാജ് പുരോഹിത് വെള്ളമുണ്ടയിലെത്തി സംഭവങ്ങള്‍ വിലയിരുത്തി. യൂനിഫോമില്‍ നിന്ന് മണം പിടിച്ച പോലീസ് നായ മാവോയിസ്റ്റുകള്‍ വന്നെന്ന് സംശയിക്കുന്ന വഴിയൂടെ ഓടി കാട്ടിലേക്കാണ് പോയത്. ലഭിച്ച വസ്തുക്കള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാലാം തവണയാണ് മാവോവാദികള്‍ കുഞ്ഞോം വനത്തിലെ കോളനികളിലെത്തുന്നത്.
ബുധനാഴ്ച രാത്രി 7.30 ഓടെയാണ് രണ്ട് സ്ത്രീകളുള്‍പ്പടെയുള്ള സംഘം കോമ്പാറ കുറിച്ച്യ കോളനിയിലെത്തിയത്. 12 ഓളം വീടുകളുള്ള കോളനിയിലെ ആറ് വീടുകളില്‍ ഈ സംഘം കയറിയിറങ്ങി. വീട്ടുകാര്‍ക്ക് ഇവരുടെ പ്രസിദ്ധീകരണമായ കാട്ടുതീയുടെ ഏറ്റവും പുതിയ പതിപ്പ് വിതരണം ചെയ്തു. വീടുകളില്‍ നിന്നും അരിയും ഭക്ഷണസാധനങ്ങളും ശേഖരിക്കുകയും ചെയ്തു.
കോളനിയിലെ കേളു, ചന്ദ്രന്‍, ജിത്തു, ബാലന്‍ എന്നിവരുടെ വീടുകളില്‍ നിന്നാണ് ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചത്. കോളനിവാസികളോട് സര്‍ക്കാറിനെതിരെയുള്ള സമരങ്ങളില്‍ പങ്കാളികളാകേണ്ടതിന്റെ ആവശ്യകത വിവരിക്കുകയും പ്രദേശത്തെ പലിശക്കാരുടെയും ചൂഷകരുടെയും വിവരങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു.
ഇതിനിടയില്‍ കോളനിയിലെ ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട എസ് ഐ. എന്‍ വി ജോസിന്റെ നേതൃത്വത്തിലുള്ള പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരുംസ്ഥലത്തെത്തിയപ്പോഴേക്കും സംഘം കാടിനുള്ളിലേക്ക് മറയുകയായിരുന്നു. പോലീസ് സംഘത്തിന്റെ 20 മീറ്റര്‍ മുന്നിലായി മാവോവാദി സംഘത്തെ കണ്ടതായി പറയപ്പെടുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് സുപ്രണ്ടും തണ്ടര്‍ബോള്‍ട്ട് സംഘവും കോളനിയിലെത്തി പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തി.