Connect with us

Ongoing News

എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് നാളെ

Published

|

Last Updated

തൃശൂര്‍: എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളില്‍ പഠനതത്പരത സൃഷ്ടിക്കുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കുന്നതിനും ലക്ഷ്യമിട്ട് എസ് എസ് എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എക്‌സലന്‍സി ടെസ്റ്റ് നാളെ നടക്കും.
സംസ്ഥാനത്തെ 698 കേന്ദ്രങ്ങളിലാണ് ടെസ്റ്റ് നടക്കുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന ക്യാമ്പസ് സെക്രട്ടറി എ എ റഹീം തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരീക്ഷയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8.30ന് ചാവക്കാട് ഐ ഡി സി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ മുഖ്യാതിഥിയാകും. രാവിലെ 10നാണ് പരീക്ഷ. ഈ വര്‍ഷത്തെ പരീക്ഷക്ക് 78, 530 പേര്‍ പങ്കെടുക്കും. പരീക്ഷയുടെ നടത്തിപ്പിന് സ്റ്റേറ്റ് പരീക്ഷാ ബോര്‍ഡും ജില്ലാ, ഡിവിഷന്‍ ഘടകങ്ങളില്‍ എക്‌സാമിനര്‍മാരും നിലവില്‍ വന്നിട്ടുണ്ട്. ഗണിതം, ഇംഗ്ലീഷ്/സോഷ്യല്‍ എന്നീ വിഷയങ്ങളില്‍ മലയാളം, ഇംഗ്ലീഷ്, കന്നഡ ഭാഷകളില്‍ പൊതുപരീക്ഷയുടെ മാതൃകയില്‍ എക്‌സലന്‍സി ടെസ്റ്റ് നടക്കും.
വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മനഃശാസ്ത്ര കൗണ്‍സലിംഗ്, പരീക്ഷക്ക് മുന്നോടിയായി ഒരുക്കിയിട്ടുണ്ട്. അപേക്ഷ, ഹാള്‍ ടിക്കറ്റ് വിതരണം, ഫലപ്രഖ്യാപനം എന്നിവ വെബ്‌സൈറ്റ് മുഖേന ലഭ്യമാകും. തിരുവനന്തപുരത്ത് പോത്തന്‍കോട് ഹൈസ്‌കൂള്‍, കൊല്ലത്ത് ഓച്ചിറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പത്തനംതിട്ട നൂറനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇടുക്കി തൊടുപുഴ ബോയ്‌സ് സ്‌കൂള്‍, ആലപ്പുഴ എല്‍ എം എച്ച് എസ് എസ് സ്‌കൂള്‍, എറണാകുളത്ത് ശ്രീമൂലനഗരം യു പി സ്‌കൂള്‍, മലപ്പുറം വള്ളിക്കുന്ന് സി ബി എച്ച് എസ് സ്‌കൂള്‍, കോഴിക്കോട് പരപ്പന്‍പൊയില്‍ യുപി സ്‌കൂള്‍, വയനാട് അമ്പലവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍ വാരം യു പി സ്‌കൂള്‍, കാസര്‍കോട് ഹൊസംഗടി മിയ്യപതവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജില്ലാതല ഉദ്ഘാടനം നടക്കും.
മന്ത്രിമാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കും. പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം ജില്ലാ കേന്ദ്രങ്ങളില്‍ 16നും ഫലപ്രഖ്യാപനം 20നും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ത്വല്‍ഹത്ത്, ട്രഷറര്‍ ഉമര്‍ സഖാഫി ചേലക്കര എന്നിവരും പങ്കെടുത്തു.